Celebrity

‘നീ നഗ്നയായിരുന്നോ?’ പൊട്ടിക്കരഞ്ഞ് അമ്മ! പോൺ രംഗത്തേക്കുള്ള പ്രവേശനത്തെക്കുറിച്ച് സണ്ണി ലിയോണി, പശ്ചാത്താപമില്ല, ഇത് ഞാൻ തിരഞ്ഞെടുത്ത വഴി

അഡൽറ്റ് എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിലേക്കുള്ള തന്റെ പ്രവേശനം കുടുംബത്തിലുണ്ടാക്കിയ വലിയ കൊടുങ്കാറ്റുകളെക്കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം സണ്ണി ലിയോണി. തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘കരൺജിത് കൗർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ എന്ന ജീവചരിത്ര വെബ് സീരീസിലാണ് താരം ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞ ഈ അധ്യായം വെളിപ്പെടുത്തിയത്. പോൺ സിനിമാ രംഗത്തേക്ക് കടന്നെന്ന വാർത്ത കേട്ടപ്പോൾ അമ്മയ്ക്കുണ്ടായ ആഘാതവും കുടുംബം നേരിട്ട ഒറ്റപ്പെടലും സണ്ണി വിവരിക്കുന്നു.

പോൺ ഇൻഡസ്ട്രിയിൽ ചേർന്ന വിവരം മാതാപിതാക്കളോട് വെളിപ്പെടുത്തുന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യമായിരുന്നുവെന്ന് സണ്ണി പറയുന്നു. വാർത്ത തരുന്ന ആഘാതം കുറയ്ക്കാനായി ഒരു സന്തോഷവാർത്തയ്ക്കൊപ്പമാണ് താരം ഈ വിഷയം അറിയിച്ചത്. തനിക്ക് ‘പെന്റ്ഹൗസ് പെറ്റ് ഓഫ് ദി ഇയർ’ പുരസ്കാരം ലഭിച്ചുവെന്നും ഒരു ലക്ഷം ഡോളർ സമ്മാനത്തുക ലഭിച്ചുവെന്നും സണ്ണി മാതാപിതാക്കളോട് പറഞ്ഞു.

എന്നാൽ ഈ വാർത്ത കേട്ട് മാതാപിതാക്കൾ പൂർണമായി നിശബ്ദരാവുകയാണ് ചെയ്തത്. ഏറെ നേരത്തെ മൗനത്തിന് ശേഷം അമ്മ ഞെട്ടലോടെ ചോദിച്ചത്, “നീ നഗ്നയായിരുന്നോ?” എന്നായിരുന്നു. തുടർന്ന് അമ്മ നിയന്ത്രണം വിട്ട് കരയാൻ തുടങ്ങി. തന്റെ യഥാർഥ പേരായ കരൺജിത് കൗർ എന്നതിന് പകരം, സഹോദരന്റെ പേര് ചേർത്ത് ‘സണ്ണി ലിയോണി’ എന്ന് സ്വീകരിച്ചതിലും അമ്മയ്ക്ക് വലിയ വിഷമമുണ്ടായിരുന്നു. “നീ എന്തിനാണ് ആ പേര് തന്നെ തിരഞ്ഞെടുത്തത്?” എന്ന് ചോദിച്ചും അമ്മ കണ്ണീരണിഞ്ഞു.

കുടുംബത്തോട് ആലോചിക്കാതെ ഇത്തരമൊരു വൻ തീരുമാനം എടുത്തതിൽ അച്ഛന് വലിയ ദേഷ്യവും വിഷമവുമുണ്ടായിരുന്നു. മകൾ പോൺ രംഗത്ത് പ്രവർത്തിക്കാൻ ഒരു അച്ഛനും ആഗ്രഹിക്കില്ലെന്ന് സണ്ണി ഓർക്കുന്നു. “ഇത്തരം ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നീ ഞങ്ങളോട് സംസാരിച്ചില്ല” എന്ന് അച്ഛൻ പറഞ്ഞു. എങ്കിലും മകളുടെ തീരുമാനത്തെ എതിർത്ത് കൂടുതൽ അകറ്റുന്നതിന് പകരം, “ഇതാണ് നീ തിരഞ്ഞെടുത്ത വഴിയെങ്കിൽ, ഇനി അത് സ്വന്തമാക്കുക, അതിൽ വിജയിച്ചു കാണിക്കുക” എന്ന് അദ്ദേഹം വ്യക്തമാക്കി. തടയാൻ ശ്രമിച്ചാൽ മകൾ കൂടുതൽ ശാഠ്യക്കാരിയാവുകയും ആ ലോകത്തുനിന്ന് തിരികെ വരാതിരിക്കുകയും ചെയ്തേക്കാം എന്ന ഭയത്താലാണ് മാതാപിതാക്കൾ കടുത്ത നടപടികളിലേക്ക് കടക്കാതിരുന്നത്. മകളുടെ തീരുമാനത്തിൽ അച്ഛൻ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയാറുണ്ടായിരുന്നുവെന്ന് പിന്നീട് അമ്മ തന്നോട് പറഞ്ഞിരുന്നതായി സണ്ണി വെളിപ്പെടുത്തി.

സാമ്പത്തിക ഭദ്രത മാത്രമായിരുന്നു താൻ ഈ മേഖല തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്ന് സണ്ണി തുറന്നുപറഞ്ഞു. ആഴ്ചയിൽ 10,000 മുതൽ 15,000 ഡോളർ വരെ സമ്പാദിക്കാൻ ഈ മേഖലയിലൂടെ സാധിച്ചിരുന്നു. സാധാരണ ജോലികളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വലിയ തുകയാണിതെന്ന് താരം തിരിച്ചറിഞ്ഞു. “ആ സമയത്ത് ഞാൻ കുടുംബത്തെക്കുറിച്ചോ ശരിതെറ്റുകളെക്കുറിച്ചോ ചിന്തിച്ചില്ല. സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം,” സണ്ണി വ്യക്തമാക്കി. കുടുംബം പട്ടിണിയിലായിരുന്നില്ലെങ്കിലും തനിക്കും സഹോദരനും ആഗ്രഹിച്ചതെല്ലാം വാങ്ങിത്തരാൻ മാതാപിതാക്കൾക്ക് കഴിയില്ലായിരുന്നു. അതിവേഗം സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴിയായാണ് താരം ഈ രംഗത്തെ കണ്ടത്.

സണ്ണി ലിയോണി പോൺ രംഗത്താണ് പ്രവർത്തിക്കുന്നത് എന്ന വാർത്ത പരന്നതോടെ വലിയ രീതിയിലുള്ള സാമൂഹിക ഒറ്റപ്പെടലാണ് കുടുംബത്തിന് നേരിടേണ്ടി വന്നത്. ബന്ധുക്കളും സുഹൃത്തുക്കളും കുടുംബത്തെ ക്രൂരമായി വിമർശിക്കുകയും പലരും ബന്ധങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സണ്ണി ചെയ്തത്. “ഇതാണ് എന്റെ വഴി, ഇത് ഇങ്ങനെ തന്നെയായിരിക്കും. ഞാൻ എന്റെ തീരുമാനം മാറ്റാൻ പോകുന്നില്ല. ചെയ്ത കാര്യങ്ങളിൽ എനിക്ക് യാതൊരു പശ്ചാത്താപവുമില്ല,” എന്ന് താരം കൂട്ടിച്ചേർത്തു.

2012-ൽ മഹേഷ് ഭട്ടിന്റെ ‘ജിസം 2’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘രാഗിണി എം.എം.എസ് 2’, ‘ഏക് പഹേലി ലീലാ’, ‘മാസ്റ്റിസാദെ’, ‘വൺ നൈറ്റ് സ്റ്റാൻഡ്’, ‘കെന്നഡി’ തുടങ്ങി ജനപ്രിയ ചിത്രങ്ങളിൽ താരം പ്രധാന വേഷങ്ങളിൽ എത്തി. ബിഗ് ബോസ് പോലുള്ള ജനപ്രിയ റിയാലിറ്റി ഷോകളിലൂടെയും മറ്റു വിനോദ പരിപാടികളിലൂടെയും ഇന്ത്യൻ ടെലിവിഷൻ രംഗത്തും സണ്ണി സജീവ സാന്നിധ്യമായി.

‘ബേബി ഡോൾ’, ‘ദേശി ലുക്ക്’, ‘ലൈലാ മേം ലൈലാ’ തുടങ്ങി ഹിറ്റ് ഗാനങ്ങളിലെ സണ്ണിയുടെ നൃത്തം ഇന്ത്യയൊട്ടാകെ തരംഗമായി മാറി. കടുത്ത പ്രതിസന്ധികളെയും സാമൂഹിക അനാദരവുകളെയും അതിജീവിച്ച്, ഇന്ന് ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളും വിജയകരമായ ബിസിനസ് സംരംഭങ്ങളുടെ ഉടമയുമായി മാറിയിരിക്കുകയാണ് സണ്ണി ലിയോണി.