ജപ്പാനിൽ നിന്നുള്ള ഒരു യുവാവ് നായയെപ്പോലെയാകാൻ ഭീമമായ തുക ചെലവഴിച്ചെന്ന അവകാശവാദത്തോടെയുള്ള വിചിത്രമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജാസോ എന്ന 26 വയസ്സുകാരനായ കോടീശ്വരൻ നായയുടെ രൂപം ലഭിക്കാനായി ഏകദേശം 220 കോടി രൂപ (2.2 ബില്യൺ രൂപ) ചെലവഴിച്ചെന്നാണ് വൈറൽ പോസ്റ്റിൽ പറയുന്നത്.
ശസ്ത്രക്രിയകൾക്ക് വിധേയനായ ഈ യുവാവിന് ഇപ്പോൾ നായയുടേതിന് സമാനമായ ശീലങ്ങളും രൂപവുമാണുള്ളതെന്നും പ്രചരിക്കുന്ന വിവരങ്ങളിൽ പറയുന്നു. എന്നാൽ ഈ അവകാശവാദങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
ശരീരത്തിലും രൂപത്തിലും മാറ്റം വരുത്താൻ വൻ തുക ചെലവഴിച്ച യുവാവ്, ശസ്ത്രക്രിയയ്ക്ക് ശേഷം നായയെപ്പോലെ നടക്കാനും ജീവിക്കാനും ശ്രമിക്കുകയാണെന്നും വൈറൽ പോസ്റ്റിൽ അവകാശപ്പെടുന്നു. എന്നാൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യസന്ധത ഉറപ്പുനൽകാനാവില്ലെന്നും ഇത് എന്ന് ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഇത് ശസ്ത്രക്രിയയല്ലെന്നും ഏകദേശം 20 ലക്ഷം ജാപ്പനീസ് യെൻ (ഏകദേശം 11 മുതൽ 12 ലക്ഷം ഇന്ത്യൻ രൂപ) ചെലവഴിച്ച് നിർമ്മിച്ച പ്രത്യേകതരം നായയുടെ കോസ്റ്റ്യൂം മാത്രമാണെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വിവരങ്ങൾ ശരിയാണെങ്കിൽ, ആ വ്യക്തി ഇപ്പോഴും മനുഷ്യനായിത്തന്നെ തുടരുകയാണെന്നും യാതൊരുവിധ ശസ്ത്രക്രിയകൾക്കും വിധേയനായിട്ടില്ലെന്നുമാണ് വ്യക്തമാകുന്നത്.




