Featured Oddly News

‘നിഗൂഢതകളുടെ പ്രേതഗ്രാമം’; ഗ്രാമീണർ ഒഴിഞ്ഞുപോയി, അവശേഷിക്കുന്നത് ഒരൊറ്റ കുടുംബം മാത്രം! വിചിത്ര ഗ്രാമത്തിന്റെ കഥ

പശ്ചിമ ബംഗാളിൽ ഭയപ്പെടുത്തുന്ന അനുഭവം സമ്മാനിക്കുന്ന അനേകം സ്ഥലങ്ങളുണ്ട്. നാഷണൽ ലൈബ്രറി മുതൽ റോയൽ കൽക്കത്ത ടർഫ് ക്ലബ് വരെ, പ്രത്യേകിച്ച് കൊൽക്കത്ത നഗരം, ആകാംഷയുണർത്തുന്ന പ്രേതകഥകളാൽ സമ്പന്നമാണ്. യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നതും, ചരിത്രം വർത്തമാനകാലവുമായി ലയിക്കുന്നതുമായ നിരവധിയേറെ സ്ഥലങ്ങൾ ഈ നഗരത്തിലുടനീളം കാണാം.

കൊൽക്കത്തയിലെ തിരക്കുകളിൽ നിന്ന് വളരെ അകലെ, ബങ്കുറ ജില്ലയിൽ സ്ഥിതി ചെയ്യുന്ന, നാട്ടുകാർക്കിടയിൽ “പ്രേതങ്ങളുടെ ഗ്രാമം” എന്നറിയപ്പെടുന്ന ഒരു ഗ്രാമത്തെക്കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ബങ്കുറ ജില്ലയിലെ ചാലിബാരീർദിഹി എന്ന ഗ്രാമത്തിൽ കടുത്ത മഹാമാരി പടർന്നുപിടിക്കുകയും തുടർന്ന് ഗ്രാമം പൂർണ്ണമായും ജനശൂന്യമാവുകയും ചെയ്തു.

പ്രേതബാധയെക്കുറിച്ചും അമാനുഷിക ശക്തികളെക്കുറിച്ചുമുള്ള കഥകൾ പരന്നതോടെ നിരവധി കുടുംബങ്ങൾ ഇവിടെ നിന്നും ഓടിപ്പോയി. ഇന്ന് ലക്ഷ്മൺ ബൗരിയുടെ കുടുംബം മാത്രമാണ് ഇവിടെ താമസിച്ച് വരുന്നത്. 1982-ൽ ലക്ഷ്മൺ ബൗരി ഈ വിജനമായ ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയും തന്റെ വീട് പുനർനിർമ്മിക്കുകയും ചെയ്തു. ക്രമേണ 15-ഓളം മറ്റ് കുടുംബങ്ങളും ഇവിടെക്ക് മടങ്ങിയെത്തി.

എങ്കിലും, ഒരു പതിറ്റാണ്ട് മുമ്പ് സ്വന്തം കുഞ്ഞിനെ ഒരു സ്ത്രീ കൊലപ്പെടുത്തി എന്ന ആരോപണം ഉയർന്നതോടെ ഗ്രാമത്തിൽ വീണ്ടും ഭീതി പടർന്നു. ഈ സംഭവത്തെ തുടർന്ന് എല്ലാ കുടുംബങ്ങളും വീണ്ടും ഗ്രാമം ഉപേക്ഷിച്ച് പോയി. ഒടുവിൽ ലക്ഷ്മൺ ബൗരിയും കുടുംബവും മാത്രമായി ഇവിടെ അവശേഷിച്ചു.

സൂര്യാസ്തമയത്തിന് ശേഷം ഗ്രാമത്തിൽ ഭയാനകമായ നിശബ്ദത നിറയുമെന്നും വിചിത്രമായ ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും ലക്ഷ്മൺ ബൗരി പറയുന്നു. എങ്കിലും താൻ ഇതുവരെ പ്രേതങ്ങളെയോ അമാനുഷിക കാര്യങ്ങളെയോ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ കുടുംബസ്വത്തായ മണ്ണ് ഉപേക്ഷിച്ചു പോകാൻ മനസ്സില്ലാത്തതുകൊണ്ടാണ് താൻ അവിടെ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശാസ്ത്രവേദി ജില്ലാ സെക്രട്ടറിയായ ജയ്ദേവ് ചന്ദ് ഈ പ്രേതകഥകളെ വെറും അന്ധവിശ്വാസമായി തള്ളിക്കളയുന്നു. അമാനുഷിക ശക്തികൾ ഇവിടെയുള്ളതായി യാതൊരു തെളിവുമില്ലെന്നും ജനങ്ങൾക്കിടയിൽ ശാസ്ത്രീയ ചിന്താഗതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. എന്നിരുന്നാലും, പ്രദേശവാസികൾക്കിടയിൽ ഈ ഗ്രാമത്തെക്കുറിച്ചുള്ള ഭയം ഇപ്പോഴും നിലനിൽക്കുന്നു.