ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ഒരു ഹൃദയസ്പർശിയായ വീഡിയോ, ദുഃഖം മനുഷ്യർക്ക് മാത്രം ഉള്ള ഒന്നല്ലെന്ന് ആളുകളെ ഓർമ്മിപ്പിക്കുകയാണ്. ചത്ത കുഞ്ഞിനെ ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന അമ്മ ഡൊൾഫിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളെയാണ് കണ്ണീരണിയിച്ചത്. ഇന്നു കണ്ടതിൽ വെച്ച് ഏറ്റവും സങ്കടകരമായ വന്യജീവി നിമിഷങ്ങളിലൊന്ന് എന്നാണ് ആളുകൾ ഇതിനെ വിശേഷിപ്പിച്ചത്.
ദ ഇന്‍ഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഫ്രാഗിൾ എന്ന് പേരുള്ള പെൺ ഡൊൾഫിൻ, തന്റെ കുഞ്ഞ് ചത്തതിനു ശേഷവും ആറു ദിവസത്തോളമാണ് അതിന്റെ മൃതദേഹം വഹിച്ചുകൊണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലെ വെള്ളത്തിലൂടെ നീന്തിയത്. ജോഗ്രാഫി മറൈൻ റിസർച്ച് എന്ന ഓസ്ട്രേലിയൻ സംരക്ഷണ സംഘടന ഡ്രോൺ ഉപയോഗിച്ചാണ് ഈ വൈകാരിക ദൃശ്യങ്ങൾ പകർത്തിയത്. ചത്തുപോകുമ്പോൾ കുഞ്ഞിന് രണ്ട് ആഴ്ച മാത്രമായിരുന്നു പ്രായമെന്ന് ഗവേഷകർ വ്യക്തമാക്കി.
മുമ്പും സമാനമായ വേർപാടുകൾ ഫ്രാഗിൾ നേരിട്ടിട്ടുണ്ടെന്നുള്ളത് ഈ ദാരുണ സംഭവത്തിന്റെ സങ്കടം ഇരട്ടിയാക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ, അവൾക്ക് നഷ്ടപ്പെടുന്ന അഞ്ചാമത്തെ കുഞ്ഞാണിത്. ഇത് അവളുടെ ജീവിതത്തിലെ മറ്റൊരു വേദനാജനകമായ അധ്യായമായി മാറി.
മൃതദേഹവും വഹിച്ച് നീന്തുന്ന ഫ്രാഗിളിന് ഒപ്പം മറ്റു ചില ഡൊൾഫിനുകളും അവളെ തനിച്ചാക്കാതെ കൂടെ നീന്തുന്നത് വീഡിയോയിൽ കാണാം. ഡൊൾഫിനുകളിലും തിമിംഗലങ്ങളിലും ഇത്തരം പെരുമാറ്റങ്ങൾ മുമ്പും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. അമ്മമാർ തങ്ങളുടെ ചത്ത കുഞ്ഞുങ്ങളെ ദിവസങ്ങളോളം ഇങ്ങനെ കൊണ്ടുനടക്കുന്നത് അവർക്കിടയിലെ ദുഃഖപ്രകടനമായാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.
വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിച്ചതോടെ നിരവധി ആളുകളാണ് വൈകാരികമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. മൃഗങ്ങൾക്കും വികാരങ്ങളുണ്ടെന്നും അവ മരണത്തെക്കുറിച്ച് മനസ്സിലാക്കുന്നുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തലാണിതെന്ന് പലരും കുറിച്ചു. ഇത് കാണുന്നത് മനസ്സ് തകർക്കുന്നതാണെന്നും, സങ്കടം മനുഷ്യർക്ക് മാത്രം ഉള്ളതല്ല എന്നതിന് ഇതൊരു വലിയ തെളിവാണെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു. മൃഗങ്ങളിലെ മാതൃസ്നേഹവും ദുഃഖവും സാർവത്രികമാണെന്ന് വ്യക്തമാക്കി കൊണ്ട് നിരവധിയാളുകൾ വീഡിയോയ്ക്ക് താഴെ കുറിപ്പുകൾ പങ്കുവെക്കുന്നുണ്ട്.




