ഉത്തർപ്രദേശിലെ ബല്ലിയയിൽ നിന്ന് മനസ്സിനെ ഈറനണിയിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. സ്വന്തം കുടുംബത്തെ മാരകവിഷമുള്ള പാ7മ്പിൽ നിന്ന് രക്ഷിക്കുന്നതിനിടയിൽ ഒരു വളർത്തുനായയ്ക്ക് ജീവൻ നഷ്ടമായി. ടോമി എന്ന് പേരുള്ള ഈ നായ, പാമ്പ് വീട്ടിനുള്ളിലേക്ക് കടക്കാതിരിക്കാൻ ഏകദേശം ഒരു മണിക്കൂറോളമാണ് അതിനോട് പൊരുതിയത്. ഒടുവിൽ വിഷപ്പാമ്പിന്റെ കടിയേറ്റ് നായ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ കുടുംബാംഗങ്ങളെല്ലാം ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പ് വീടിന് സമീപത്തേക്ക് എത്തിയത്. പുലർച്ചെ രണ്ടുമണിയോടെയാണ് വിഷപ്പാമ്പ് വീടിന് നേരെ ഇഴഞ്ഞുനീങ്ങിയത്. അപകടം കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് തന്നെ ഒൻപത് വയസ്സുള്ള ടോമി പാമ്പിന്റെ സാന്നിധ്യം തിരിച്ചറിയുകയും ഉറക്കത്തിൽ നിന്നും എല്ലാവരെയും ഉണർത്താനായി ഉറക്കെ കുരയ്ക്കാൻ തുടങ്ങുകയും ചെയ്തു. പേടിച്ചോടുന്നതിന് പകരം പാമ്പിനും വീടിന്റെ മുൻവാതിലിനും ഇടയിൽ ടോമി നിലയുറപ്പിച്ചു. പാമ്പ് മുന്നോട്ട് നീങ്ങിയപ്പോൾ അതിന് വീട്ടിലെത്താൻ കഴിയാത്തവിധം ഈ വിശ്വസ്തൻ അതിനെ തടഞ്ഞുനിർത്തി.
കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ഏകദേശം ഒരു മണിക്കൂറോളം ടോമി പാമ്പുമായി കഠിനമായി പോരാടി. അപകടസാധ്യത ഏറെയായിരുന്നിട്ടും പാമ്പിനെ കൊല്ലുന്നതുവരെ പോരാട്ടം തുടരുകയായിരുന്നു. ഈ പോരാട്ടത്തിനിടയിൽ ടോമിക്ക് പാമ്പിന്റെ കടിയേറ്റു. ഭീഷണി ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും വിഷബാധ മാരകമായി മാറി. പോരാട്ടത്തിന് ശേഷം കുഴഞ്ഞുവീണ ടോമി ഏകദേശം ഒരു മണിക്കൂറിന് ശേഷം മരണപ്പെട്ടു.
കഴിഞ്ഞ ഒൻപത് വർഷമായി ടോമി ഈ കുടുംബത്തിന്റെ ഭാഗമായിരുന്നു. വീടിന് കാവൽ നിൽക്കുന്നതിൽ വളരെ ശ്രദ്ധാലുവായിരുന്ന അവൻ വെറുമൊരു വളർത്തുമൃഗം മാത്രമായിരുന്നില്ല, മറിച്ച് ഭയമില്ലാത്ത ഒരു സംരക്ഷകൻ കൂടിയായിരുന്നു. ആ രാത്രിയിൽ അവൻ പാമ്പിനെ തടഞ്ഞില്ലായിരുന്നുവെങ്കിൽ അത് വീട്ടിനുള്ളിൽ കയറി ആർക്കെങ്കിലും അപകടം വരുത്തുമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വിതുമ്പലോടെ ഓർക്കുന്നു. ടോമിയുടെ ഈ ധീരമായ പ്രവർത്തനം വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.
കണ്ണീരോടെയാണ് കുടുംബാംഗങ്ങൾ ടോമിക്ക് യാത്രയയപ്പ് നൽകി സംസ്കരിച്ചത്. അവന്റെ ധൈര്യത്തെയും അചഞ്ചലമായ വിശ്വസ്തതയെയും ത്യാഗത്തെയും പ്രശംസിച്ചുകൊണ്ട് പ്രദേശവാസികളും അന്ത്യോപചാരം അർപ്പിച്ചു. ഭക്തിയുടെയും ധീരതയുടെയും പ്രതീകമായാണ് പ്രദേശം മുഴുവൻ ഇപ്പോൾ ടോമിയെ ഓർക്കുന്നത്.




