Health Lifestyle

മഴ നനയാൻ ഇഷ്ടമാണോ? എന്നാല്‍ നിങ്ങളുടെ മുടിക്ക് അത് അത്ര ഇഷ്ടമല്ല ! ചർമ്മരോഗ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്

മഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളം പ്രകൃതിയുടെ സൗജന്യ ഹെയർ സ്‌പാ പോലെ തോന്നാമെങ്കിലും നിങ്ങളുടെ മുടിക്ക് അത് ദോഷം ചെയ്തേക്കാം. മഴക്കാലത്ത് കൂടുതൽ മുടി കൊഴിച്ചിലോ, തലയോട്ടിയിൽ ചൊറിച്ചിലോ, വിട്ടുമാറാത്ത താരനോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ മഴവെള്ളം മാത്രമല്ല പ്രശ്നം, മറിച്ച് അന്തരീക്ഷത്തിൽ നിന്ന് അത് ഒപ്പം കൊണ്ടുവരുന്ന മലിനവസ്തുക്കളാണ് മുടിയെ കേടുവരുത്തുന്നത്.

മഴവെള്ളം പൂർണ്ണമായും ശുദ്ധമാണെന്നത് തെറ്റിദ്ധാരണ മാത്രമാണ്. സീസണിലെ ആദ്യ മഴവെള്ളം മണ്ണിലേക്ക് പതിക്കുന്നതിന് മുൻപ് തന്നെ പൊടി, പുക, വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, കനത്ത ലോഹങ്ങൾ, അന്തരീക്ഷത്തിലെ മറ്റു മലിനവസ്തുക്കൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നുണ്ട്. ഇവ തലയോട്ടിയിൽ അടിയുമ്പോൾ തലയോട്ടിയുടെ സ്വാഭാവിക സമതുലിതാവസ്ഥ തകരാറിലാവുകയും ചൊറിച്ചിൽ, വരൾച്ച, അമിതമായ എണ്ണമയം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. വായുമലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ മഴവെള്ളത്തിൽ കലരുന്ന മാലിന്യങ്ങളുടെ അളവും വളരെ കൂടുതലായിരിക്കും.

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പവും മുടിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാധാരണയായി തലയോട്ടിയുടെ പി.എച്ച് (pH) ലെവൽ 4.5 മുതൽ 5.5 വരെയാണ്. എന്നാൽ മലിനമായ മഴവെള്ളം തലയോട്ടിയിലെ പി.എച്ച് സമതുലിതാവസ്ഥ തെറ്റിക്കുകയും ബാക്ടീരിയ, ഫംഗസ് എന്നിവ വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. വേനൽക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് തലയോട്ടിയിലെ ഫംഗസ് ഇൻഫെക്ഷനുകൾ 40 മുതൽ 50 ശതമാനം വരെ വർദ്ധിക്കാറുണ്ടെന്ന് ചർമ്മരോഗ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

മഴ നനഞ്ഞ ശേഷം തലമുടി മണിക്കൂറുകളോളം ഈർപ്പത്തോടെ വച്ചിരിക്കുന്നത് മറ്റൊരു വലിയ തെറ്റാണ്. നനഞ്ഞ തലയോട്ടി മുടിയുടെ വേരുകളെ ബലഹീനമാക്കുകയും മുടി പെട്ടെന്ന് പൊട്ടിപ്പോകാൻ ഇടയാക്കുകയും ചെയ്യും. കൂടാതെ, ഈർപ്പമുള്ള മുടി കെട്ടിവെക്കുന്നതോ, ഹെൽമറ്റും ക്യാപ്പും ധരിക്കുന്നതോ വഴി വേർപ്പും ഈർപ്പവും തലയോട്ടിയിൽ തങ്ങിനിന്ന് പ്രശ്നം കൂടുതൽ വഷളാക്കുന്നു.

മഴക്കാലത്തെ മുടി കൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കാൻ ചില ലളിതമായ ശീലങ്ങൾ സഹായിക്കും. മഴ നനഞ്ഞാൽ ഉടൻ തന്നെ ശുദ്ധമായ വെള്ളത്തിൽ മുടി കഴുകി മാലിന്യങ്ങൾ നീക്കം ചെയ്യുക. അതിനുശേഷം ടവൽ ഉപയോഗിച്ച് സൌമ്യമായി തുടച്ച് തലയോട്ടി പൂർണ്ണമായും ഉണങ്ങാൻ അനുവദിച്ച ശേഷമേ മുടി കെട്ടിവെക്കാവൂ. എന്നാൽ തലയോട്ടിയിൽ അമിതമായ എണ്ണമയമോ അഴുക്കോ ഉണ്ടെങ്കിൽ മാത്രം ഷാമ്പൂ ഉപയോഗിച്ചാൽ മതിയാകും, അല്ലാത്തപക്ഷം എല്ലാ ദിവസവും ഷാമ്പൂ ഉപയോഗിക്കേണ്ടതില്ല. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാലത്തും മുടിയുടെ ആരോഗ്യവും തലയോട്ടിയുടെ ശുചിത്വവും ഒരുപോലെ സംരക്ഷിക്കാൻ സാധിക്കും.