Oddly News

‘നീയൊക്കെ എന്ത് കാവല്‍നായയാടാ?’ വീട്ടിൽ കയറിയ കള്ളനെ സ്വീകരിച്ച് ഗോള്‍ഡന്‍ റിട്രീവര്‍, അന്തം വിട്ട് കള്ളന്‍; വൈറലായി വിഡിയോ

ഉയിരുകൊടുത്തും വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാരെ പിന്തിരിപ്പി7ച്ചോടിച്ച വളർത്തുനായ്ക്കളെക്കുറിച്ച് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിൽ കയറിയ കള്ളനെ അതിഥിയെപ്പോലെ സ്വീകരിച്ച ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. യുഎസ്സിലെ സാൻ ഡിയാഗോയിലെ വീട്ടിൽ കയറിയ കള്ളനെ നാഷ് എന്ന നാലുവയസ്സുള്ള നായ തന്റെ കളിപ്പാട്ടം നൽകിയാണ് സ്വീകരിച്ചത്.

വീട്ടുകാരാരുമില്ലാത്ത സമയത്ത് ഒരാൾ ഗോവണി കയറി വീടിനുള്ളിലേക്ക് കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അകത്തുകയറിയ ഉടൻ കള്ളൻ തന്റെ പാദരക്ഷകളും ഷർട്ടും ഊറി മാറ്റി സോഫയിൽ വിശ്രമിക്കുന്നതും കാണാം. തുടർന്ന് ഫ്രിഡ്ജ് തുറന്ന് ഇയാൾ അവിടെയുണ്ടായിരുന്ന ഐസ്‌ക്രീമും ടർക്കി ഫ്രൈയും ചീസുമെല്ലാം എടുത്തു കഴിക്കുകയും ചെയ്തു.

ഈ സമയത്ത് വീട്ടിൽ മൂന്ന് നായ്ക്കളുണ്ടായിരുന്നു. എന്നാൽ ഗോൾഡൻ റിട്രീവറായ നാഷാണ് ആദ്യം കള്ളന്റെ മുന്നിലെത്തിയത്. കണ്ട ഉടൻ കുരയ്ക്കാനോ ആക്രമിക്കാനോ മുതിരാതെ, തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം കള്ളന് സമർപ്പിക്കുകയാണ് നായ ചെയ്തത്. അരമണിക്കൂറോളം കള്ളൻ മുറികളിലൂടെ നടക്കുമ്പോൾ കളിപ്പാട്ടവും കടിച്ചെടുത്ത് നാഷും പിന്നാലെ പോയി. ഭീമാകാരനായ നായയെ കണ്ട് കള്ളൻ ആദ്യം ഭയന്നെങ്കിലും, അതിന്റെ സ്നേഹത്തോടെയുള്ള വാലാട്ടൽ കണ്ട് ഇയാൾ അത്ഭുതപ്പെടുകയായിരുന്നു.

എന്നാൽ വീട്ടിലെ അസാധാരണ ചലനങ്ങൾ ഉടൻ തന്നെ വീട്ടുകാരുടെ ഫോണിൽ മെസ്സേജായി എത്തി. തുടർന്ന് മൊബൈൽ വഴി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയ വിവരം ജനലിലൂടെ കണ്ട കള്ളൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീടിനുള്ളിൽ കടന്ന പൊലീസ് ഇയാളെ കൈയോടെ പിടികൂടി. പൊലീസ് അകത്തുകയറുമ്പോഴും നാഷ് അവരെ സ്നേഹത്തോടെ സ്വീകരിക്കാൻ പിന്നാലെ പോകുന്നതും കാണാമായിരുന്നു. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ വീണ്ടും കേസെടുത്തു.

തങ്ങളുടെ നായ അമിതമായി സൗഹൃദം കാണിക്കുന്ന കൂട്ടത്തിലാണെന്നും, അതിനാൽ സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ തങ്ങൾക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ലെന്നുമാണ് വിഡിയോ പ്രചരിച്ചതിന് പിന്നാലെ വീട്ടുകാർ പ്രതികരിച്ചത്.