കലണ്ടറിൽ വർഷം 2026 കാണിക്കുമ്പോഴും ജനങ്ങളുടെ ചിന്താഗതി ഇപ്പോഴും പതിനാറാം നൂറ്റാണ്ടിൽ തന്നെയാണ് കുടുങ്ങിക്കിടക്കുന്നത് – ഇന്റർനെറ്റിനെ നടുക്കിയ സങ്കടകരമായ ഒരു സംഭവം പുറത്തുവന്നപ്പോൾ ഉയർന്ന പ്രതികരണങ്ങളിൽ ഒന്നാണിത്. ഒരു ആശുപത്രിയിലെ എമർജൻസി റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എം.ബി.ബി.എസ് ഇന്റേൺ ആണ് തനിക്ക് നേരിടേണ്ടി വന്ന ഈ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
കർവാ ചൗത്ത് ആഘോഷ ദിവസം ഒക്ടോബർ 29-ന് ആയിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട ഒരു വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു. ഇയാളുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നു.
എന്നാൽ, കരഞ്ഞുനിലവിളിക്കുന്ന ഭാര്യയെ മരിച്ചയാളുടെ അമ്മ ക്രൂരമായി കുറ്റപ്പെടുത്തുന്നത് കേട്ട് ഇന്റേൺ ഡോക്ടർ ഞെട്ടിപ്പോയി. “നീ ഉറപ്പായും എന്തെങ്കിലും കഴിച്ചിട്ടുണ്ടാകും” എന്ന് അമ്മ ആരോപിച്ചപ്പോൾ, താൻ ഒന്നും കഴിച്ചിട്ടില്ലെന്ന് ആ യുവതി കരഞ്ഞുപറയുന്നുണ്ടായിരുന്നു. ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടിയുള്ള കർവാ ചൗത്ത് വ്രതത്തിനിടയിൽ ഭാര്യ എന്തെങ്കിലും കഴിച്ചതുകൊണ്ടാണ് ഭർത്താവ് മരിച്ചതെന്നാണ് ആ അമ്മയും കുടുംബവും വിശ്വസിച്ചതും ആരോപിച്ചതും.
“എനിക്ക് എമർജൻസി റൂമിലായിരുന്നു ഡ്യൂട്ടി. കർവാ ചൗത്ത് ദിവസമായതിനാൽ ധാരാളം ആളുകൾ വ്രതം നോറ്റിരുന്നു. വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട ഒരു വ്യക്തിയെ അപ്പോഴാണ് അവിടെ എത്തിച്ചത്. വ്രതം നോറ്റ ഭാര്യയും കൂടെയുണ്ടായിരുന്നു. എന്നാൽ ആ സ്ത്രീയുടെ അമ്മായിയമ്മ, ‘നീ എന്തെങ്കിലും കഴിച്ചോ’ എന്ന് അവരോട് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു.
ചില മേഖലകളിലെ ചിന്താഗതി ഇതാണ്; കർവാ ചൗത്ത് ദിവസം ഭാര്യ എന്തെങ്കിലും കഴിച്ചതുകൊണ്ടാണ് ഭർത്താവ് മരിച്ചത് എന്ന് അവർ കരുതുന്നു. എല്ലാവരും ആ സ്ത്രീക്ക് നേരെ ഒച്ചവെക്കുകയായിരുന്നു, താൻ ഒന്നും കഴിച്ചിട്ടില്ലെന്ന് പറഞ്ഞ് അവർ കരയുകയായിരുന്നു. ശരിക്കും ഇതിൽ എന്ത് ബന്ധമാണുള്ളത്? ആ മനുഷ്യൻ മരണപ്പെട്ടത് വൈദ്യുതാഘാതമേറ്റാണ്. നമ്മുടെ നാട് ഇനി നന്നാക്കാൻ കഴിയാത്തവിധം നശിച്ചുപോയി,” എന്ന് ഡോക്ടർ കുറിച്ചു.
ഈ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും നിരവധി ആളുകളിൽ പ്രതിഷേധം ഉണ്ടാക്കുകയും ചെയ്തു.
‘ഡോക്ടർ ആകാങ്ക്ഷ സിംഗ്’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് പോസ്റ്റ് പങ്കുവെക്കപ്പെട്ടത്. പോസ്റ്റ് വന്ന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഇത് കണ്ടത്.
വിഷയത്തിൽ രൂക്ഷമായ പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ ഉയർന്നത്. നമ്മൾ ജീവിക്കുന്നത് 21-ാം നൂറ്റാണ്ടിലാണെങ്കിലും ആളുകളുടെ മനസ്സ് പതിനേഴാം നൂറ്റാണ്ടിലോ പതിനെട്ടാം നൂറ്റാണ്ടിലോ ആണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഏതൊരു നിരുപദ്രവകരമായ കാര്യത്തിലും സ്ത്രീകളെ കുറ്റപ്പെടുത്താനാണ് സമൂഹത്തിന് താല്പര്യമെന്നും ആളുകൾ പ്രതികരിച്ചു.




