അമേരിക്കയിലെ ന്യൂ ഹാംഷെയറിലുള്ള കൊൺകോർഡ് പബ്ലിക് ലൈബ്രറിയിൽ നിന്ന് കടമെടുത്ത ഒരു മാസിക 132 വർഷത്തെ വൈകലിന് ശേഷം ഒടുവിൽ തിരിച്ചെത്തിച്ചു. ബാരിംഗ്ടൺ സ്വദേശിയായ ജോൺ ഹാൻസൺ എന്ന 84-കാരനാണ് ‘ദി സെഞ്ചുറി ഇലസ്ട്രേറ്റഡ് മന്ത്ലി മാഗസിൻ’ എന്ന മാസികയുടെ 1894 സെപ്റ്റംബർ പതിപ്പ് ലൈബ്രറിയിൽ തിരികെ ഏൽപ്പിച്ചത്. വൈകിയുള്ള പുസ്തകങ്ങൾ തിരികെ നൽകുന്നതിനുള്ള പിഴ ലൈബ്രറി ഒഴിവാക്കിയതാണ് മാസിക തിരികെ നൽകാൻ അദ്ദേഹത്തിന് പ്രചോദനമായത്.
48,220 ദിവസങ്ങൾ വൈകി തിരിച്ചെത്തിച്ച ഈ മാസികയ്ക്ക് പിഴയിട്ടിരുന്നെങ്കിൽ ഏകദേശം 12,055 ഡോളർ (സൂമാർ 11.5 ലക്ഷം രൂപ) അടയ്ക്കേണ്ടി വരുമായിരുന്നു. പതിറ്റാണ്ടുകളായി ഈ മാസിക തന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇത് എങ്ങനെ അവിടെയെത്തി എന്ന് അറിയില്ലെന്നും ജോൺ പറഞ്ഞു. 1966-ൽ വീട് മാറുമ്പോഴാണ് ഇത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് ഈ ലൈബ്രറിയിൽ കാർഡ് ഉണ്ടായിരുന്നില്ല. വായനാശീലമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അന്തരിച്ച ഭാര്യ കാറോൾ ഒരു പുസ്തകവും ഇത്രയും കാലം വൈകിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഴ ഒഴിവാക്കിയ തീരുമാനം വഴി വൈകിയ പുസ്തകങ്ങൾ തിരികെ ലഭിക്കുമെന്ന് ലൈബ്രറി പ്രതീക്ഷിച്ചിരുന്നെങ്കിലും, 19-ാം നൂറ്റാണ്ടിലെ ഒരു മാസിക തിരിച്ചുകിട്ടിയത് അവരെ ഏറെ ആശ്ചര്യപ്പെടുത്തി. സന്തോഷത്തോടെയാണ് ലൈബ്രറി അധികൃതർ ഈ അപൂർവ്വ തിരികെ വരവിനെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.




