സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ തന്റെ #AskSRK സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ തരംഗമാകുന്നത്. ദിനചര്യയെക്കുറിച്ചുള്ള ചോദ്യത്തിന്, രാവിലെ ആരും സംസാരിക്കുന്നതിന് മുൻപ് ബെഡിൽ വെച്ച് തന്നെ മൂന്ന് കപ്പ് കോഫി കുടിക്കുന്നതാണ് തന്റെ ശീലമെന്ന് ഷാരൂഖ് വെളിപ്പെടുത്തി. ജോലിക്കായി വൈകുന്ന ദിവസങ്ങളിൽ പോലും ഈ ശീലം മാറ്റാറില്ലെന്നും, പിന്നീട് സെറ്റിൽ വൈകിയെത്തുന്നതിന് ചീത്തവിളി കേൾക്കാറുണ്ടെന്നും താരം തമാശയായി പറഞ്ഞു.
എന്നാൽ ഷാരൂഖിന്റെ ഈ ശീലം എല്ലാവർക്കും അനുയോജ്യമാകണമെന്നില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. വെറും വയറ്റിൽ തുടർച്ചയായി മൂന്ന് കപ്പ് കോഫി കുടിക്കുന്നത് എല്ലാവരുടെയും ശരീരത്തിന് നല്ലതാവണമെന്നില്ലെന്ന് ഗ്യാസ്ട്രോഎന്ററോളജിസ്റ്റായ ഡോ. വിനീത് കുമാർ ഗുപ്ത പറയുന്നു. കോഫി വയറ്റിൽ ആസിഡിന്റെ ഉത്പാദനം കൂട്ടുകയും ദഹനവ്യവസ്ഥയുടെ ചലനത്തെ വേഗത്തിലാക്കുകയും ചെയ്യും. അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ്, അൾസർ എന്നിവയുള്ളവർ വെറും വയറ്റിൽ കോഫി കുടിച്ചാൽ നെഞ്ചെരിച്ചിൽ, വയറുവേദന, വയർ വീർക്കൽ എന്നിവയുണ്ടാകാൻ സാധ്യത കൂടുതലാണ്.
മാത്രമല്ല, കുടിക്കുന്ന കോഫിയുടെ അളവും അതിലെ കഫീന്റെ അളവും പ്രധാനമാണ്. ഒരു ദിവസം ശരീരത്തിലെത്തുന്ന മൊത്തം കഫീന്റെ അളവ് കൂടിയാൽ ഉറക്കമില്ലായ്മ, അസ്വസ്ഥത, ഉയർന്ന നെഞ്ചിടിപ്പ്, തലവേദന എന്നിവ ഉണ്ടാകാം. ഇതിനുപുറമേ കോഫിയിൽ ചേർക്കുന്ന പഞ്ചസാരയുടെയും ക്രീമിന്റെയും അളവും ശ്രദ്ധിക്കേണ്ടതുണ്ട്. നിർബന്ധമായും രാവിലെ കോഫി കുടിക്കാൻ ആഗ്രഹിക്കുന്നവർ വെറും വയറ്റിൽ കുടിക്കുന്നതിന് പകരം പ്രഭാതഭക്ഷണത്തിന് ശേഷം കുടിക്കുന്നതാണ് ദഹനാരോഗ്യത്തിന് നല്ലത്. പ്രശസ്തരായ താരങ്ങൾ പിന്തുടരുന്നത് കൊണ്ട് മാത്രം ഒരു ദിനചര്യയും കണ്ണടച്ച് അനുകരിക്കരുതെന്നും, സ്വന്തം ശരീരത്തിന്റെ സ്വഭാവം മനസ്സിലാക്കി അതിനനുസരിച്ച് ഭക്ഷണക്രമം തിരഞ്ഞെടുക്കണമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.




