Crime

‘ഒരിക്കലും അമ്മയാകാന്‍ പാടില്ല’; 19കാരിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റില്‍

ഗുരുഗ്രാമിൽ ലിവിങ് ഇൻ പങ്കാളിയായ യുവാവ് 19 വയസ്സുകാരിയായ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ത്രിപുര സ്വദേശിയായ ബി.എസ്.സി ബയോടെക്‌നോളജി വിദ്യാർഥിനിയാണ് ഈ അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ പങ്കാളി ശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും സെക്ടർ 69-ലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഒരുമിച്ചായിരുന്നു താമസം. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, പെൺകുട്ടി തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തെത്തുടർന്ന് യുവാവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നു.

ഫെബ്രുവരി 16-ന് ഉണ്ടായ തർക്കമാണ് അതിക്രൂരമായ അക്രമത്തിൽ കലാശിച്ചത്. സ്റ്റീൽ കുപ്പിയും പാത്രവും ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്കടിക്കുകയും ചുവരിൽ ഇടിപ്പിക്കുകയും ചെയ്തു. ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ലെന്ന് ആക്രോശിച്ചുകൊണ്ട് കത്തി ഉപയോഗിച്ച് കാലുകളിൽ മുറിവേൽപ്പിച്ചു. ഇതിനുപിന്നാലെയാണ് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്