Crime

‘ നാണംകെടുത്തി, മരിച്ചിട്ടായാലും സത്യം തെളിയണം’! മോഷ്ടാവെന്ന് പരിഹാസം, യുവതി ജീവനൊടുക്കി

കാസർകോട് മുളിയാറിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കും അയൽവാസികൾക്കും പൊലീസിനുമെതിരെ കുടുംബം രംഗത്തെത്തി.

താൻ നിരപരാധിയാണെന്നും ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നും വ്യക്തമാക്കുന്ന 24-കാരിയായ ജസീലയുടെ മരണമൊഴി വീഡിയോ കുടുംബം പുറത്തുവിട്ടു. അയൽവീട്ടിലെ വിവാഹത്തിനിടെ സ്വർണമാല കാണാതായതുമായി ബന്ധപ്പെട്ട് ജസീലയ്ക്കെതിരെ ആരോപണമുയരുകയും ആദൂർ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന ജസീല വിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മരണത്തിന് മുൻപ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. താൻ എടുക്കാത്ത സ്വർണത്തിന്റെ പേരിൽ എല്ലാവരും ക്രൂശിക്കുകയാണെന്നും ഭർത്താവും ഭർത്തൃമാതാവുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്നും ജസീല വീഡിയോയിൽ ആരോപിക്കുന്നുണ്ട്.

പരാതി നൽകാൻ പൊലീസ് അനുവദിച്ചില്ലെന്നും താൻ അപമാനിക്കപ്പെട്ടുവെന്നും പറയുന്ന ജസീല, സത്യം ഒരുനാൾ പുറത്തുവരുമെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. നിലവിൽ വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)