അന്യജാതിക്കാരനെ പ്രണയിച്ച സ്വന്തം മകളെ ബലമായി വിഷംകുടിപ്പിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് പിതാവ്. കര്‍ണാടകയിലെ മെലാക്കുണ്ട ഗ്രാമത്തിലാണ് ദാരുണ സംഭവം. പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു വീട്ടുകാര്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്. സംസ്കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന യുവാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകം പുറത്തായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് പെണ്‍മക്കളാണ് ശങ്കറിന്. അന്യജാതിക്കാരനെ വിവാഹം കഴിച്ചാല്‍ ഇളയ പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാകുമെന്നും അതുകൊണ്ട് പ്രണയത്തില്‍നിന്ന് പിന്‍മാറണമെന്നും ശങ്കര്‍ മകളോട് ആവശ്യപ്പെട്ടു. പഠനത്തില്‍ ശ്രദ്ധിക്കണമെന്നും മറ്റെല്ലാം മറക്കണമെന്നും പറഞ്ഞു. എന്നാല്‍ പ്രണയം ഉപേക്ഷിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. മകളുമായി വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ ബലമായി വായ തുറപ്പിച്ച് വിഷം ഒഴിച്ച് കുടിപ്പിക്കുകയായിരുന്നു.
കീടനാശിനിയാണ് ശങ്കര്‍ മകളെ കുടിപ്പിച്ചത്. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊന്നു. വിഷം കഴിച്ച് മകള്‍ ജീവനൊടുക്കിയെന്നാണ് ബന്ധുക്കളോട് ഉള്‍പ്പടെ പറഞ്ഞിരുന്നതും. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ശങ്കറിന് പുറമെ രണ്ട് പേര്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.




