Crime

കല്യാണിക്ക് സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട്? MDMA കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക്

കൊച്ചി: കാക്കനാട് രണ്ട് പേരിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് നീക്കം. പ്രതി കല്യാണി സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആർക്കൊക്കെ ലഹരി കൈമാറി എന്നതാകും പൊലീസ് ആദ്യം അന്വേഷിക്കുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇടച്ചിറയിൽ നിന്ന് 20.22 ഗ്രാം എംഡിഎംഎയുമായി കളമശ്ശേരി സ്വദേശി ഇ. കെ ഉനൈസ്, ആലപ്പുഴ സ്വദേശിനി പി.എസ് കല്യാണി എന്നിവരെ പൊലീസ് പിടികൂടിയത്. മോഡലായ കല്യാണി സിനിമാ പ്രമോഷൻ രംഗത്തും സജീവമാണെന്നും ഇവർ സിനിമാപ്രവർത്തകർക്ക് ലഹരി വിതരണം ചെയ്തിരുന്നെന്നുമാണ് വിവരം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കളമശേരി സ്വദേശി ഉനൈസ്.

22 ഗ്രാം എം‍ഡിഎംഎയും ത്രാസും ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകളും ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തി. രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തിലാണ് കൊച്ചിസിറ്റി ഡാന്‍സാഫ് ടീം നാല് ഇവര്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തിയത്. ഇടച്ചിറ വള്ളിയാത്ത് ഒരു ക്ഷേത്രത്തിന് സമീപമുള്ള പ്രൈം കസാഡൽ ഹോട്ടലില്‍ താമസിച്ചായിരുന്നു ഇരുവരുടെയും ലഹരിവില്‍പന. ഇവര്‍ താമസിച്ച ഫ്ലാറ്റിന്‍റെ അലമാരയില്‍ സൂക്ഷിച്ച ബാഗില്‍ മൂന്ന് സിപ്പ് ലോക്ക് കവറുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.

ലഹരിവില്‍പന ലക്ഷ്യമിട്ട് ഡിജിറ്റല്‍ ത്രാസും കരുതിയിരുന്നു. ഇരുവരും പതിവായി ലഹരിയുപയോഗിച്ചിരുന്നു. മൂന്ന് ഫ്യൂമിങ് പൈപ്പുകളാണ് ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തിയത്. കൂടുതല്‍ ആളുകള്‍ ഇവരുടെ ഫ്ലാറ്റില്‍ ലഹരിയുപയോഗിക്കാന്‍ എത്തിയിരുന്നതായും വിവരമുണ്ട്.