ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടറായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച പ്രമുഖ ന്യൂറോളജിസ്റ്റ്, ഡോ. ഹൊവാർഡ് ടക്കർ, ദീർഘകാലവും സന്തോഷകരവുമായ ജീവിതത്തിനായി താൻ പിന്തുടർന്ന മൂന്ന് ലളിതമായ നിയമങ്ങൾ പങ്കുവയ്ക്കുന്നു. 2025 ഡിസംബർ 22-ന്, 103-ാം വയസ്സിൽ അന്തരിക്കുന്നതിന് മുൻപ് സി.എൻ.ബി.സി (CNBC) ക്ക് നൽകിയ ഒരു ലേഖനത്തിലാണ് അദ്ദേഹം തന്റെ ശീലങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.
വാർദ്ധക്യത്തിലും താൻ എങ്ങനെയാണ് ഇത്രയും സജീവമായും മിടുക്കനായും ഇരിക്കുന്നതെന്ന് ആളുകൾ എപ്പോഴും ചോദിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീർഘായുസ്സിന് പാരമ്പര്യവും ഭാഗ്യവും പ്രധാനമാണെങ്കിലും, നമ്മുടെ ദിവസേനയുള്ള ശീലങ്ങളും ചിന്താഗതിയുമാണ് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം തീരുമാനിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഡോ. ഹൊവാർഡ് ടക്കർ കണ്ടെത്തിയ ആ മൂന്ന് പ്രധാന നിയമങ്ങൾ ഇവയാണ്:
മനസ്സിനെ എപ്പോഴും സജീവമായി നിലനിർത്തുക
ഉപയോഗിക്കാതിരുന്നാൽ ശക്തി കുറയുന്ന ഒരു പേശി പോലെയാണ് നമ്മുടെ മസ്തിഷ്കം എന്ന് ഡോ. ഹൊവാർഡ് ടക്കർ പറയുന്നു. അതുകൊണ്ട് മനസ്സിന് എപ്പോഴും എന്തെങ്കിലും ജോലി നൽകിക്കൊണ്ടിരിക്കണം. തന്റെ 60-ാം വയസ്സിൽ നിയമപഠനത്തിന് ചേരുകയും 67-ാം വയസ്സിൽ ഒഹായോ ബാർ പരീക്ഷ ജയിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം ഇത് ജീവിതത്തിൽ തെളിയിച്ചു.
മനസ്സിനെ സജീവമാക്കാൻ വലിയ ജോലികൾ ചെയ്യണമെന്നില്ല. വായന, സാമൂഹിക സേവനം, പുതിയ കാര്യങ്ങൾ പഠിക്കൽ, സംഗീതം പരിശീലിക്കൽ, അല്ലെങ്കിൽ പുതിയ വിനോദങ്ങളിൽ ഏർപ്പെടൽ എന്നിവയെല്ലാം ചിന്താശേഷി കൂട്ടാൻ സഹായിക്കും. ജോലി ചെയ്യുന്നതിൽ നിന്നും ലോകവുമായുള്ള ബന്ധങ്ങളിൽ നിന്നും പിന്മാറുമ്പോൾ ആളുകൾ പെട്ടെന്ന് തളർന്നുപോകുന്നത് താൻ കണ്ടിട്ടുണ്ടെന്നും, മനസ്സിനെ സജീവമായി നിർത്തുന്നതാണ് ഏറ്റവും നല്ല വഴിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മനസ്സിൽ വെറുപ്പ് കൊണ്ടുനടക്കരുത്
മനസ്സിന്റെ സന്തോഷം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ദേഷ്യവും വിഷമവും വെറുപ്പും മനസ്സിൽ കൊണ്ടുനടക്കുന്നത് ശരീരത്തിനും മനസ്സിനും വലിയ ദോഷം ചെയ്യും. ദീർഘായുസ്സിന്റെ രഹസ്യം ചോദിക്കുന്നവർക്ക് അറിയേണ്ടത് ഭക്ഷണത്തെക്കുറിച്ചോ വ്യായാമത്തെക്കുറിച്ചോ മാത്രമാണ്. അവയൊക്കെ പ്രധാനമാണെങ്കിലും ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടാണ് അതിലും പ്രധാനം. ജീവിതത്തിൽ സങ്കടങ്ങളും നഷ്ടങ്ങളും അനീതികളും ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ അതിനെക്കുറിച്ച് ഓർത്ത് എപ്പോഴും വിഷമിച്ചിരിക്കുന്നത് നമുക്ക് തന്നെയാണ് കേട്. വിട്ടുമാറാത്ത ദേഷ്യം മാനസിക സമ്മർദ്ദം കൂട്ടുകയും രക്തസമ്മർദ്ദം വർദ്ധിപ്പിച്ച് ഹൃദയാരോഗ്യത്തെ തകരാറിലാക്കുകയും ചെയ്യും.
മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ പുലർത്തുക
നല്ല സൗഹൃദങ്ങളും കുടുംബബന്ധങ്ങളും ദീർഘകാലം ജീവിക്കാൻ സഹായിക്കുമെന്ന് ഡോ. ഹൊവാർഡ് ടക്കർ വിശ്വസിച്ചു. ഏകാന്തത ഒഴിവാക്കാനും എപ്പോഴും സന്തോഷത്തോടെയിരിക്കാനും മറ്റുള്ളവരുമായി ഇടപഴകുന്നത് വഴി സാധിക്കും. സ്നേഹമുള്ള ആളുകൾ കൂടെയുണ്ടാകുന്നത് മാനസികമായി വലിയൊരു പിന്തുണയാണ് നൽകുന്നത്.




