ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് പുതിയ പീഡനവിവാദവും. ശ്രീലങ്കയിലെ കാൻഡിയിലുള്ള ഗോൾഡൻ ക്രൗൺ ഹോട്ടലിൽ വെച്ച് ടീമിലെ ഒരു താരം ഹൗസ് കീപ്പിങ് ജീവനക്കാരിയോട് അശ്ലീലമായി പെരുമാറിയെന്നാണ് പുറത്തുവരുന്ന വിവരം. സൂപ്പർ എട്ടിലെ നിർണ്ണായകമായ ശ്രീലങ്കൻ പോരാട്ടത്തിന് തൊട്ടുമുമ്പായിരുന്നു നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നതെന്ന് ടെലികോം ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനായി ടീം ഹോട്ടലിൽ കഴിയുമ്പോഴാണ് താരം യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ ഉടൻ ഇടപെടുകയും വിവരം പാക് ടീം മാനേജർ നവീദ് ചീമയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹോട്ടൽ അധികൃതർ കടുത്ത നിലപാട് സ്വീകരിച്ചതോടെ, മാനേജർ ചീമ ഖേദപ്രകടനം നടത്തുകയും താരത്തിനെതിരെ ആഭ്യന്തര നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. താരത്തിന്റെ പേര് വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ലെങ്കിലും വൈകാതെ വെളിപ്പെടുമെന്നാണ് സൂചന.
രാജ്യാന്തര തലത്തിൽ പാക്കിസ്ഥാനെ നാണംകെടുത്തിയ ഈ പ്രവൃത്തിയിൽ പിസിബിയിൽ കടുത്ത അമർഷമാണ് ഉയരുന്നത്. താരത്തിനെതിരെ മാതൃകാപരമായ ശിക്ഷ വേണമെന്ന് ബോർഡ് അംഗങ്ങൾ ആവശ്യപ്പെട്ടു. ലോകകപ്പിൽ ഇന്ത്യയോട് തോറ്റതിനും മോശം പ്രകടനത്തിനും ഓരോ കളിക്കാരനും 50 ലക്ഷം രൂപ വീതം പിഴ നേരത്തെ തന്നെ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ വന്ന ലൈംഗികാരോപണം ടീമിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
അടുത്തതായി നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ബാബർ അസമിനെയും സയിം അയൂബിനെയും പിസിബി ഒഴിവാക്കിയിട്ടുണ്ട്. ട്വന്റി 20യിലെ പ്രകടനത്തിന്റെ പേരിൽ ഏകദിന ടീമിൽ നിന്ന് ഇവരെ മാറ്റിയതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം, പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ബംഗ്ലാദേശ് പര്യടനം തന്നെ റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.




