ബൈക്കിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 28 വയസ്സുള്ള യുവതിയുടെ മുഖത്ത് കരിതേച്ച് പരസ്യമായി നടത്തിച്ച ക്രൂരത. ജാർഖണ്ഡിലെ റാഞ്ചിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ പങ്കജ് സിങ് (25), സുഹൃത്ത് സാന്ത്ന കുമാരി (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അയൽവാസികളായ യുവതിയുടെ ഭർത്താവും പ്രതിയായ പങ്കജും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നാല് ദിവസം മുൻപ് പങ്കജിന്റെ ബൈക്ക് യുവതിയുടെ ഭർത്താവ് കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തന്റെ ബൈക്ക് മോഷ്ടിച്ചതാണെന്ന് പങ്കജ് ആരോപിച്ചിരുന്നു. എന്നാൽ ഭർത്താവ് ബൈക്ക് ഉടൻ തിരികെ നൽകുമെന്ന് യുവതി ഉറപ്പുനൽകിയിരുന്നതായും പൊലീസ് പറയുന്നു.
എന്നാൽ ഞായറാഴ്ച ബൈക്ക് ആവശ്യപ്പെട്ട് എത്തിയ പങ്കജും സുഹൃത്തും ചേർന്ന് യുവതിയെ പിടികൂടുകയായിരുന്നു. തുടർന്ന് ഇവരുടെ മുഖത്ത് കരിതേയ്ക്കുകയും കോളനിയിലൂടെ നടത്തിച്ച് പരസ്യമായി അപമാനിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് യുവതിയെ അക്രമികളിൽ നിന്നും രക്ഷപ്പെടുത്തിയത്.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ബൈക്ക് മോഷണം പോയതാണെങ്കിൽ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന ചോദ്യത്തിന് പ്രതിക്ക് വ്യക്തമായ മറുപടി നൽകാനായില്ല. ബൈക്ക് മോഷ്ടിക്കപ്പെട്ടതാണോ എന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.




