മസ്തിഷ്ക അർബുദങ്ങളിൽ ഏറ്റവും മാരകമായ ഗ്ലിയോബ്ലാസ്റ്റോമയെ പ്രതിരോധിക്കാൻ പുതിയ ഇമ്യൂണോതെറാപ്പി പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. യുഎസിലെ മാസ് ജനറൽ ക്യാൻസർ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, പരീക്ഷണത്തിൽ പങ്കെടുത്ത ആദ്യ മൂന്ന് രോഗികളിലും ട്യൂമർ അത്ഭുതകരമായി കുറഞ്ഞതായി കണ്ടെത്തി. ലോകപ്രശസ്തമായ ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ’ പ്രസിദ്ധീകരിച്ച ഈ പഠനഫലം ക്യാൻസർ ചികിത്സാ രംഗത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഗ്ലിയോബ്ലാസ്റ്റോമ രോഗികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ‘CARv3-TEAM-E T’ എന്ന സെൽ തെറപ്പിയാണ് ഗവേഷകർ ഇതിനായി ഉപയോഗിച്ചത്. ഈ മരുന്നിന്റെ ഒരൊറ്റ ഡോസ് നൽകിയപ്പോൾ തന്നെ രോഗികളിലെ ട്യൂമർ ഗണ്യമായി ചുരുങ്ങിയതായി ഡോക്ടർമാർ നിരീക്ഷിച്ചു. ഇതിൽ ഒരാളുടെ ട്യൂമർ പൂർണ്ണമായും മാറിയെന്ന് പറയാവുന്ന തരത്തിലുള്ള മാറ്റമാണ് പ്രകടമായത്.
രോഗിയുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളെ തന്നെ ക്യാൻസറിനെതിരെ പോരാടാൻ സജ്ജമാക്കുന്ന രീതിയാണ് CAR-T തെറപ്പി. രക്താർബുദ ചികിത്സയിൽ ഇത് നേരത്തെ ഫലപ്രദമാണെന്ന് കണ്ടിരുന്നെങ്കിലും മസ്തിഷ്ക മുഴകളിൽ വിജയിച്ചിരുന്നില്ല. എന്നാൽ ബൈ സ്പെസിഫിക് ആന്റിബോഡികൾ കൂടി ഉൾപ്പെടുത്തി പുതുതായി വികസിപ്പിച്ച ഈ രീതി ട്യൂമറുകളെ വേഗത്തിൽ നശിപ്പിക്കാൻ ശേഷിയുള്ളതാണ്.
മുൻപ് കീമോതെറാപ്പിക്ക് വിധേയരായ 57 മുതൽ 74 വയസ്സ് വരെ പ്രായമുള്ളവരിലായിരുന്നു പരീക്ഷണം. മരുന്ന് നേരിട്ട് തലച്ചോറിലേക്ക് കുത്തിവെച്ചതോടെ ഒരാളുടെ ട്യൂമർ അഞ്ച് ദിവസം കൊണ്ട് അപ്രത്യക്ഷമാവുകയും മറ്റൊരാളിൽ ആറ് മാസത്തിനുള്ളിൽ 60 ശതമാനം കുറയുകയും ചെയ്തു. ചികിത്സയെത്തുടർന്ന് പനിയും ചെറിയ മാനസിക അസ്വസ്ഥതകളും പ്രകടമായെങ്കിലും രോഗികൾ സുഖം പ്രാപിച്ചു വരികയാണ്. കൂടുതൽ പഠനങ്ങളിൽ കൂടി വിജയം ആവർത്തിച്ചാൽ ക്യാൻസർ ചികിത്സയിൽ ഇതൊരു വലിയ വിപ്ലവമായി മാറും.




