ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്ന യുവതി ഗുജറാത്തിൽ പിടിയിലായി. നർമ്മദ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
വഴിയരികിലൂടെ ഒരുമിച്ച് നടന്നുപോകുന്നതിനിടെ ദമ്പതികൾ തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ അവസാനിച്ചത്. തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ മർദിച്ചതോടെ പ്രകോപിതയായ യുവതി സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ഭർത്താവിന്റെ തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നു.
ആക്രമണത്തിൽ ഭർത്താവ് തൽക്ഷണം മരിച്ചുവെന്ന് ഉറപ്പായതോടെ യുവതി അവിടുന്ന് രക്ഷപ്പെടാൻ ശ്രമിച്ചില്ല. പകരം പിറ്റേദിവസം നേരം പുലരുന്നത് വരെ മൃതദേഹത്തിന് അരികിൽ തന്നെ തങ്ങുകയായിരുന്നു. രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.
ഇരുവരും തമ്മിൽ വഴക്കിടാനുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.




