Crime

കബളിപ്പിച്ചത് ഭർത്താവിനെയടക്കം, ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് സ്വര്‍ണം തട്ടിയ യുവതിയെ ഡല്‍ഹിയില്‍നിന്നു പിടികൂടി

അടിമാലി: ബാങ്ക് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി സ്വര്‍ണം വാങ്ങി കബളിപ്പിച്ച കേസില്‍ യുവതിയെ ഡല്‍ഹിയില്‍നിന്ന് പിടികൂടി. അടിമാലി ചാറ്റുപാറ കൊച്ചനാട്ടില്‍ അരുണിന്റെ ഭാര്യയും കുമളി രണ്ടാം മൈല്‍ സ്വദേശിനിയമായ കൊല്ലകുഴിയില്‍ അനുഷ ഷാജി (35) യാണ് പിടിയിലായത്. ഡല്‍ഹിയില്‍ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്.

2019 ല്‍ ഭര്‍ത്താവ് അരുണ്‍ വിദേശത്തു ജോലിക്കുപോയ സമയത്താണ് കോതമംഗലത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചതായി അനുഷ എല്ലാവരെയും വിശ്വസിപ്പിച്ചത്. ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷവും അനുഷ ഇതു തുടര്‍ന്നു. ബാങ്കിലേക്കെന്ന വ്യാജേന ദിവസവും രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന ഇവര്‍ വൈകുന്നേരം തിരിച്ചെത്തുന്നതായിരുന്നു പതിവ്.

ബാങ്ക് ഉദ്യോഗസ്ഥയാണെന്ന വിശ്വാസം ഊട്ടിയുറപ്പിച്ചശേഷം അടുത്ത ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും അനുഷ സ്വര്‍ണം ശേഖരിച്ചു. ബാങ്കില്‍ നിക്ഷേപിച്ചാല്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുമെന്നു വിശ്വസിപ്പിച്ചായിരുന്നു ഇത്.

കൂടുതല്‍ ലാഭം കിട്ടുമെന്നു കരുതിയാണ് പലരും കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ ഇവരെ ഏല്‍പ്പിച്ചത്. എന്നാല്‍ അടുത്തകാലത്ത് ചിലര്‍ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടതോടെ അനുഷ മുങ്ങി. കഴിഞ്ഞ ഡിസംബര്‍ 21 ന് ബാങ്കില്‍ സ്ഥാനക്കയറ്റത്തിനുള്ള അഭിമുഖമുണ്ടെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഇവര്‍ പിന്നീട് മടങ്ങിയെത്തിയില്ല.

22 ന് വൈകിട്ട് എത്തുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ചോഫായി. പരിഭ്രാന്തനായ ഭര്‍ത്താവ് കോതമംഗലത്തെ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് ഭാര്യയ്ക്കു ജോലിയില്ലെന്ന വിവരം അറിഞ്ഞത്. ഇതോടെ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അനുഷ ഡല്‍ഹിയില്‍ എത്തിയിട്ടുള്ളതായി കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ അടിമാലി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചശേഷം അനുഷയെ കോടതിയില്‍ ഹാജരാക്കി. ഇവരുടെ സുഹൃത്ത് കല്ലാര്‍കുട്ടി ഇല്ലിക്കല്‍ അയോണ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അനുഷ വാങ്ങിയതായി പരാതിയില്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ക്ക് സ്വര്‍ണം നഷ്ടപ്പെട്ടതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ അനുഷയ്ക്കു പണം നഷ്ടപ്പെട്ടിരുന്നതായി സൂചനയുണ്ടെന്നു പോലീസ് പറഞ്ഞു. നിലവില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിട്ടുള്ളത്.