Crime

പനി ബാധിച്ച് ഭാര്യ മരിച്ചു; ചികില്‍സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭര്‍ത്താവ്

തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുഡെം ജില്ലയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് ഭാര്യ മരിച്ചെന്നാരോപിച്ച് സ്വകാര്യ ആശുപത്രിക്ക് ഭർത്താവ് തീയിട്ടു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 36 വയസ്സുള്ള വെങ്കട്ട രമ്മണയാണ് മരണപ്പെട്ടത്. ഡോക്ടർമാർ അമിത അളവിൽ മരുന്ന് നൽകിയതാണ് ഭാര്യയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെ ഈ നടപടി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് രൂപപ്പെട്ടത്.

പാൽവഞ്ച മണ്ഡലത്തിലെ ദന്തേലബോരു ഗ്രാമത്തിലുള്ള ഗോത്രവർഗ്ഗക്കാരിയാണ് മരിച്ച വെങ്കട്ട രമ്മണ. ദിവസങ്ങൾക്ക് മുമ്പ് പനി ബാധിച്ചതിനെ തുടർന്നാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. മരണകാരണത്തെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ആരോഗ്യം വഷളായ ശേഷമാണ് മറ്റ് ആശുപത്രിയിലേക്ക് മാറ്റാൻ പറഞ്ഞതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ ഉത്തരവാദിത്തമില്ലായ്മ ഉണ്ടായെന്നും കുടുംബം പറഞ്ഞു.

ഇതേത്തുടർന്ന് ആശുപത്രിക്ക് ഉള്ളിൽ പ്രതിഷേധിച്ച ഭർത്താവ് റിസപ്ഷൻ കൗണ്ടറിന് തീയിടുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് തീ അണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. പോലീസ് ഇടപെട്ടാണ് അവിടുത്തെ സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *