Crime

‘നീ കറുത്തവന്‍… എന്നെ അർഹിക്കുന്നില്ല…’ കാമുകനൊപ്പം ഭർത്താവിനെ ക്രൂരമായി കൊന്ന് യുവതി

മധ്യപ്രദേശിലെ ധറിൽ സുഗന്ധവ്യഞ്ജന വ്യാപാരിയായ 28 വയസ്സുകാരൻ പുരോഹിത് ദേവകൃഷ്ണ കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഏപ്രിൽ ഏഴിനാണ് ദേവകൃഷ്ണയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ട് ക്രൂരമായി മുറിവേറ്റ പാടുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. കൊള്ളസംഘം വീട് തകർത്ത് അകത്തുകയറി 35 ലക്ഷം രൂപയും ആഭരണങ്ങളും കവരുന്നത് തടയാൻ ശ്രമിച്ച ഭർത്താവിനെ അവർ വധിച്ചുവെന്നായിരുന്നു ഭാര്യ പ്രിയങ്കയുടെ ആദ്യ മൊഴി. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണം ഈ മൊഴി കളവാണെന്ന് തെളിയിച്ചു.

ദമ്പതികൾക്കിടയിൽ ദീർഘകാലമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദേവകൃഷ്ണയുടെ നിറത്തെച്ചൊല്ലി പ്രിയങ്ക പലപ്പോഴും അദ്ദേഹത്തെ അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്ന് സഹോദരി ആരോപിച്ചു. ഇതിനിടെ രാജ്ഗഡ് സ്വദേശിയായ കമലേഷ് പുരോഹിതുമായി പ്രിയങ്ക പ്രണയത്തിലാവുകയും ഭർത്താവിനെ ഒഴിവാക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിടുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഈ വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ദേവകൃഷ്ണയെ വധിക്കാൻ കമലേഷ് ഒരു ലക്ഷം രൂപയ്ക്ക് സുരേന്ദ്ര ഭാട്ടി എന്ന വാടകക്കൊലയാളിയെ ഏർപ്പാടാക്കിയിരുന്നു. ഇതിനായി 50,000 രൂപ മുൻകൂറായി നൽകുകയും ചെയ്തു. കൃത്യം നടന്ന രാത്രിയിൽ പ്രിയങ്ക വീടിന്റെ വാതിൽ മനഃപൂർവം തുറന്നിട്ടു. വീടിനുള്ളിൽ കയറിയ സുരേന്ദ്ര ഉറങ്ങിക്കിടക്കുകയായിരുന്ന ദേവകൃഷ്ണയെ ആക്രമിച്ചു കൊലപ്പെടുത്തി. കവർച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ മുറിയിലെ സാധനങ്ങൾ വലിച്ചുവാരിയിടുകയും പ്രിയങ്കയെ കെട്ടിയിട്ട് ബന്ദിയാക്കുകയും ചെയ്ത ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്.

പ്രിയങ്കയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിന് ആദ്യം സംശയം നൽകിയത്. മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ ആഭരണങ്ങൾ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തുകയും മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ കമലേഷുമായുള്ള ബന്ധം വ്യക്തമാവുകയും ചെയ്തു. ഒടുവിൽ തെളിവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പ്രിയങ്ക കുറ്റം സമ്മതിച്ചു. സംഭവത്തിൽ പ്രിയങ്കയെയും കാമുകൻ കമലേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ വാടകക്കൊലയാളി സുരേന്ദ്ര ഭാട്ടിക്കായി തിരച്ചിൽ തുടരുകയാണ്.