Crime

ഉമ്മന്‍ ചാണ്ടിയെ പീഡനക്കേസില്‍ പെടുത്തണമെന്ന്‌ ഗണേഷ്‌കുമാര്‍ പറഞ്ഞെന്ന്‌ മൊഴി

കൊല്ലം: ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പീഡനക്കേസില്‍ ഉള്‍പ്പെടുത്തണമെന്നു കേസിലെ പരാതിക്കാരിയോടു കെ.ബി.ഗണേഷ്‌കുമാര്‍ പറയുന്നതു താന്‍ കേട്ടെന്നു മന്ത്രി ഗണേഷ്‌കുമാറിന്റെ മുന്‍ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം എസ്‌.ഇ. സഞ്‌ജയ്‌ഖാന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ്‌ ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ ഇ.ആര്‍.അര്‍ജുന്‍രാജിനു മുമ്പാകെ മൊഴിനല്‍കി.

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പീഡനക്കേസില്‍ ഉള്‍പ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എല്‍.ഡി.എഫില്‍ ചേര്‍ന്ന്‌ എം.എല്‍.എയും മന്ത്രിയുമാകുമെന്നും അപ്പോള്‍ നമുക്കു കാണാമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞതായും സഞ്‌ജയ്‌ഖാന്‍ മൊഴിനല്‍കി.

ഗണേഷ്‌കുമാറിന്റെ പഴ്‌സനല്‍ സ്‌റ്റാഫ്‌ അംഗമായി 2001 മുതല്‍ 2004 വരെ പ്രവര്‍ത്തിച്ച സഞ്‌ജയ്‌ഖാന്‍ നിലവില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിയാണ്‌. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നു മന്ത്രിസഭയില്‍നിന്നു രാജിവച്ച കെ.ബി. ഗണേഷ്‌കുമാറിനെ തിരികെ മന്ത്രിയാക്കാത്തതിലെ വിരോധം കാരണമാണ്‌ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും സഞ്‌ജയ്‌ഖാന്‍ മൊഴി നല്‍കി.

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി സോളാര്‍ അന്വേഷണ കമ്മിഷന്‌ മുമ്പില്‍ ഹാജരാക്കിയ കത്തില്‍ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്‌ ആരോപിച്ച്‌ അഡ്വ. ജോളി അലക്‌സ്‌ മുഖേന അഡ്വ. സുധീര്‍ ജേക്കബ്‌ ഫയല്‍ ചെയ്‌ത ഹര്‍ജിയിലെ സാക്ഷിയാണു സഞ്‌ജയ്‌ഖാന്‍. കേസിലെ ഒന്നാം പ്രതി സോളാര്‍ പീഡനക്കേസ്‌ പരാതിക്കാരിയും രണ്ടാം പ്രതി ഗണേഷ്‌കുമാറുമാണ്‌. ഈ കേസില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട്‌ വീക്ഷണം മുന്‍ ലേഖകന്‍ എസ്‌. സുധീശനും മൊഴി നല്‍കി.