തായ്‌ലൻഡിൽ ഒരു സംസ്‌കാര ചടങ്ങിൽ നൃത്തം ചെയ്യാൻ ഗ്ലാമറസ് വസ്ത്രം ധരിച്ച നർത്തകിമാരെ കുടുംബം വാടകയ്‌ക്കെടുത്ത സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തെക്കൻ തായ്‌ലൻഡിലെ നഖോൺ സി തമ്മാരത് പ്രവിശ്യയിലുള്ള ഒരു ബുദ്ധക്ഷേത്രത്തിൽ ഏപ്രിൽ 21-നാണ് ഈ വിചിത്രമായ സംഭവം നടന്നത്. മരിച്ച 59-കാരന്റെ സംസ്‌കാരത്തിന് മുന്നോടിയായാണ് ‘കൊയോട്ടി ഡാൻസേഴ്സ്’ എന്നറിയപ്പെടുന്ന മൂന്ന് യുവതികൾ നൃത്തം ചെയ്തത്.
മരണാനന്തര ചടങ്ങുകളിൽ ദുഃഖം ഒഴിവാക്കണമെന്നും, തന്റെ മരണം കണ്ണീരോടെയല്ല മറിച്ച് ആഘോഷത്തോടെ വേണം ബന്ധുക്കൾ ഏറ്റെടുക്കാനെന്നുമുള്ള പരേതന്റെ അവസാന ആഗ്രഹം നിറവേറ്റാനാണ് ഇത്തരമൊരു നൃത്തം സംഘടിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സന്യാസിമാരുടെ പ്രാർത്ഥനകൾക്ക് ശേഷം ശവപ്പെട്ടിയുടെ മുന്നിലായിരുന്നു നർത്തകിമാരുടെ പ്രകടനം. കുട്ടികളടക്കം നിരവധിപേർ ഈ നൃത്തം കാണുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.
ഈ സംഭവത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. മരിച്ചയാളുടെ അവസാന ആഗ്രഹത്തെ മാനിക്കുന്നത് നല്ല കാര്യമാണെന്നും, ഇത് മരണവീട്ടിലെ സങ്കടം കുറയ്ക്കാൻ സഹായിക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാൽ, ഒരു ആരാധനാലയത്തിൽ വെച്ച് നടക്കുന്ന സംസ്‌കാര ചടങ്ങിൽ ഇത്തരത്തിലുള്ള നൃത്തം തികച്ചും അനുചിതമാണെന്നും കുട്ടികൾക്ക് മുന്നിൽ ഇത് അവതരിപ്പിക്കരുതായിരുന്നു എന്നും മറ്റൊരു വിഭാഗം വിമർശിക്കുന്നു.
ഏപ്രിൽ 15-ന് അന്തരിച്ച ഈ വ്യക്തി, മരണം ജീവിതത്തിന്റെ അനിവാര്യമായ ഭാഗമാണെന്നും അത് ആഘോഷമാക്കണമെന്നും തന്റെ അവസാന സന്ദേശത്തിൽ ബന്ധുക്കളോട് പറഞ്ഞിരുന്നു.




