സാധാരണ തിരമാലകളല്ല, ഒരു കൊച്ചു ‘സുനാമി’ തന്നെയോ? ഒരു വേവ് പൂളിലെ കൂറ്റൻ തിരമാലകളെ നിഷ്പ്രയാസം നീന്തിക്കടക്കുന്ന യുവാവിൻ്റെ വീഡിയോ കണ്ട് ഇന്റർനെറ്റ് ലോകം അമ്പരന്നു നിൽക്കുകയാണ്. ഈ വീഡിയോയിലെ സാഹസികൻ ദക്ഷിണ കൊറിയൻ നാവികസേനയിലും കോസ്റ്റ് ഗാർഡിലും അംഗമാണെന്നാണ് അദ്ദേഹത്തിൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് വ്യക്തമാകുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സാധാരണ വേവ് പൂളുകളിൽ നിന്ന് വ്യത്യസ്തമായി, അതിശക്തമായ തിരമാലകളാണ് ഈ പൂളിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ‘സുനാമി പൂൾ’ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.
‘poseidon_lee_official’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്ന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ എട്ട് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കടലിലെ തിരമാലകൾ അടിക്കുമ്പോൾ നിങ്ങൾ കടലിലാണെന്ന് മറക്കരുത്, കടൽ ഒരിക്കലും കുലുങ്ങില്ല എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ആളുകൾ രംഗത്തെത്തി. “ഇത് കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ പലതവണ മുങ്ങിപ്പോയി” എന്നാണ് ഒരാൾ കുറിച്ചത്. “എൻ്റെ കുട്ടികൾ നീന്തൽ പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് ഇതുപോലൊരു സാഹചര്യം വന്നാൽ രക്ഷപ്പെടാനാണ്” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
തനിക്കും ഇത് ഇത്ര എളുപ്പത്തിൽ ചെയ്യാൻ സാധിക്കുമെന്ന് എൻ്റെ മനസ്സ് പറയുന്നുണ്ടെന്നും ഇത് ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്നും തുടങ്ങി നിരവധി ആളുകളാണ് യുവാവിൻ്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എങ്കിലും ഇത്രയും ശക്തമായ തിരമാലകൾക്കിടയിലേക്ക് ചാടുന്നത് അത്യന്തം അപകടകരമാണെന്നും പലരും ഓർമ്മിപ്പിക്കുന്നു.




