Featured Good News

ജോലിക്കുള്ള അപേക്ഷ തള്ളിയത് 850 തവണ, ഒടുവിൽ മൈക്രോസോഫ്റ്റിൽ നിന്നും ഒരു ‘യെസ്’; ഇന്ത്യൻ യുവാവിന്റെ പോരാട്ടം

850 തൊഴിൽ അപേക്ഷകൾ നിരസിക്കപ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റിൽ ജോലി നേടിയെടുത്ത് ലോകത്തിന് മാതൃകയായിരിക്കുകയാണ് ഇന്ത്യൻ എൻജിനീയറായ ദീർഘ് കടാരിയ. മൈക്രോസോഫ്റ്റ് അയർലൻഡിലാണ് ദീർഘിന് നിയമനം ലഭിച്ചിരിക്കുന്നത്. ഒന്നര വർഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവിലാണ് ഈ നേട്ടം.

തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദീർഘ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. 850-ലധികം അപേക്ഷകളും 13 ഇന്റർവ്യൂകളും കഴിഞ്ഞാണ് തനിക്ക് ഈ അവസരം ലഭിച്ചതെന്ന് അദ്ദേഹം കുറിച്ചു. ഏപ്രിൽ ഒന്നിനാണ് താൻ ജോലിയിൽ പ്രവേശിച്ചതെന്നും, ഇതൊരു തമാശയാണോ അതോ യാഥാർത്ഥ്യമാണോ എന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ വിപണിയിലെ കടുത്ത പ്രതിസന്ധിയും വിസ പ്രശ്നങ്ങളും മൂലം വിദേശരാജ്യത്ത് ഒറ്റപ്പെട്ടുപോകുമോ എന്ന ഭയവും തന്നെ അലട്ടിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഉറക്കമില്ലാത്ത രാത്രികളും കടുത്ത മാനസിക സമ്മർദ്ദവും തനിക്ക് നേരിടേണ്ടി വന്നു.

സോഷ്യൽ മീഡിയയിൽ കാണുന്നതിനേക്കാൾ വലിയ പോരാട്ടങ്ങളാണ് ഓരോരുത്തരുടെയും ജീവിതത്തിന് പിന്നിലുള്ളതെന്നും അതുകൊണ്ടാണ് താൻ കഴിഞ്ഞ കുറച്ചു കാലമായി ഓൺലൈനിൽ സജീവമല്ലാതിരുന്നതെന്നും ദീർഘ് പറഞ്ഞു. കഠിനമായി പോരാടുന്നവരോട് ഒരുകാലത്തും തോറ്റു കൊടുക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്. നിലവിൽ അയർലൻഡിലെ ഡബ്ലിനിലും ബെൽഫാസ്റ്റിലുമായി 3,500-ലധികം ജീവനക്കാരുള്ള മൈക്രോസോഫ്റ്റ്, അവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.