ഉത്തർപ്രദേശിലെ ഹർദോയിയിൽ, കോടതിയിൽ കേസ് നിലനിൽക്കെ ഭർത്താവ് രഹസ്യമായി രണ്ടാം വിവാഹം കഴിച്ചെന്ന ഭാര്യയുടെ ആരോപണത്തെത്തുടർന്ന് നാടകീയമായ കുടുംബവഴക്ക്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പൊലീസിന്റെ കണക്കനുസരിച്ച് സിറ്റി കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആശാ നഗറിലാണ് സംഭവം നടന്നത്. പ്രശാന്ത് ശർമ്മയും ദിശ ശർമ്മയും ഏഴ് വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ കഴിഞ്ഞ നാല് വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസം. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്.
തങ്ങൾ നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും എന്നാൽ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി താൻ അറിഞ്ഞെന്നും ദിശ ആരോപിക്കുന്നു. ശനിയാഴ്ച വൈകുന്നേരം ഭർത്താവിന്റെ വീട്ടിലെത്തിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് അയൽക്കാരുമായി സംസാരിച്ചതോടെ സംശയം കൂടുകയായിരുന്നു. അന്ന് രാത്രി അയൽപക്കത്തെ വീട്ടിൽ കഴിഞ്ഞ ദിശ, പിറ്റേന്ന് ഉച്ചയോടെ വീണ്ടും ഭർത്താവിന്റെ വീട്ടിലെത്തി. ടെറസ് വഴി വീട്ടിനുള്ളിൽ കയറി പരിശോധിച്ചപ്പോൾ ഒരു സ്ത്രീ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്നത് കണ്ടതായി ദിശ പറയുന്നു. തുടർന്ന് ഈ സ്ത്രീയെ പുറത്തിറക്കി ദിശ നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ സമയം വലിയൊരു ജനക്കൂട്ടം വീടിന് മുന്നിൽ തടിച്ചുകൂടിയിരുന്നു.
ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്ക് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് സിറ്റി കോട്വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് ത്യാഗി പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




