ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുന്നോടിയായി രോഹിത് ശർമ്മയുടെ തയ്യാറെടുപ്പുകളെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേല ജയവർധനെ രംഗത്തെത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി മത്സരക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നിട്ടും, കൃത്യമായ പ്ലാനിംഗിലൂടെയും കഠിനാധ്വാനത്തിലൂടെയും രോഹിത് മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന് അദ്ദേഹം പറഞ്ഞു. സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 38 പന്തിൽ 78 റൺസ് നേടി രോഹിത് തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.
രോഹിത്തിന്റെ ശാരീരികക്ഷമതയെയും ബാറ്റിംഗ് മികവിനെയും കുറിച്ച് ജയവർധനെ വാചാലനായി. മത്സരങ്ങൾ കളിക്കാത്ത സമയത്തും രോഹിത് തന്റെ ബാറ്റിംഗ് ശൈലിയിൽ നിരന്തരം പരിശീലനം നടത്തിയിരുന്നു. പരിശീലന ക്യാമ്പിന്റെ ആദ്യ ദിവസം മുതൽ തന്നെ താൻ എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ച് രോഹിത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. നെറ്റ്സിൽ രോഹിത്തിന്റെ ബാറ്റിംഗ് കണ്ടപ്പോൾ തന്നെ അദ്ദേഹം മികച്ച ഫോമിലാണെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹത്തിന്റെ വേഗതയും മനോഭാവവും അതിശയിപ്പിക്കുന്നതാണെന്നും ജയവർധനെ കൂട്ടിച്ചേർത്തു.
ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിനായി നിരന്തരം കളിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാൽ രോഹിത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ടീമിന് പുറത്തായതിനാൽ സ്വന്തം നിലയിലാണ് ഫിറ്റ്നസ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. മുംബൈയിലെ പരിശീലന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും കൃത്യമായ വ്യായാമത്തിലൂടെയും രോഹിത് സ്വയം സജ്ജനായി. അനുഭവസമ്പന്നനായ ഒരു താരത്തിന് തന്റെ താളം എങ്ങനെ വീണ്ടെടുക്കണമെന്ന് കൃത്യമായി അറിയാമെന്നും രോഹിത്തിന്റെ ഈ പോസിറ്റീവ് മനോഭാവം ടീമിന് വലിയ കരുത്താണെന്നും ജയവർധനെ പറഞ്ഞു. ആദ്യ മത്സരത്തിലെ ആവേശം വരും മത്സരങ്ങളിലും രോഹിത് തുടരുമെന്നാണ് ടീമിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.




