Oddly News

6 ആഴ്ച , 7 ഇന്റർവ്യൂകൾ, കാൻസറിനെ തോൽപ്പിച്ചവൾക്ക് ജോലി നൽകാതെ കമ്പനി; വൈറലായി ഒരു യുവതിയുടെ കുറിപ്പ്

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കഠിനമായ തൊഴിൽ മാന്ദ്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ജോലി തേടുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷം വെളിപ്പെടുത്തുന്ന ഒരു യുവതിയുടെ അനുഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആറ് ആഴ്ച നീണ്ട ഏഴ് ഘട്ടങ്ങളായുള്ള അഭിമുഖങ്ങൾക്ക് ശേഷം ജോലി നിഷേധിക്കപ്പെട്ടപ്പോൾ മാനസിക സമ്മർദ്ദം താങ്ങാനാവാതെ താൻ ഛർദ്ദിച്ചുപോയി എന്നാണ് 34-കാരിയായ ഈ യുവതി റെഡ്ഡിറ്റിൽ (Reddit) കുറിച്ചത്.

ആറ് ആഴ്ചകൾ, ഏഴ് അഭിമുഖങ്ങൾ, കേസ് സ്റ്റഡി, പ്രസന്റേഷൻ, എച്ച്.ആർ വിഭാഗവുമായുള്ള അവസാന കൂടിക്കാഴ്ച എന്നിവയ്‌ക്കെല്ലാം ശേഷമാണ് കമ്പനി തനിക്ക് ജോലി നൽകാനാവില്ലെന്ന് അറിയിച്ചതെന്ന് അവർ പറയുന്നു. തങ്ങളുടെ ആവശ്യങ്ങൾക്ക് കൂടുതൽ അനുയോജ്യനായ മറ്റൊരു ഉദ്യോഗാർത്ഥിയെ ലഭിച്ചു എന്ന കമ്പനിയുടെ മറുപടി തന്നെ തളർത്തിക്കളഞ്ഞെന്നും അവർ കുറിച്ചു. 2024 മെയ് മാസത്തിൽ സ്തനാർബുദം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഇവർ തന്റെ മുൻപത്തെ ജോലി ഉപേക്ഷിച്ചത്.

ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോൾ തൊഴിൽ വിപണിയിലെ മോശം അവസ്ഥ അവരെ വല്ലാതെ നിരാശപ്പെടുത്തി. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വിദ്യാഭ്യാസ ലോണും ചികിത്സാ ചെലവുകളും കാരണം വലിയ കടബാധ്യതയുണ്ടെന്നും അവർ പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഈ ജോലി കൂടി നഷ്ടമായതോടെ താൻ ആകെ തകർന്നുപോയെന്ന് അവർ കൂട്ടിച്ചേർത്തു.

ഈ അനുഭവം വൈറലായതോടെ സമാനമായ രീതിയിൽ ദുരനുഭവങ്ങൾ നേരിട്ട നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. കമ്പനികളുടെ റിക്രൂട്ട്മെന്റ് രീതികൾ പാടെ തകർന്നിരിക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. അഭിമുഖങ്ങളുടെ അവസാന ഘട്ടം വരെ എത്തിയാലും ആത്മവിശ്വാസം അമിതമാകാതെ നോക്കണമെന്നും, പലപ്പോഴും കമ്പനികൾ തങ്ങൾക്ക് മുൻപേ അറിയാവുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണ് ഇത്തരം നാടകങ്ങൾ നടത്തുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി. എങ്കിലും ഈ തളർച്ചയിൽ നിന്നും കരുത്തോടെ തിരിച്ചുവരണമെന്ന് ഒട്ടേറെപ്പേർ യുവതിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.