Sports

കിരീടം, പിന്നാലെ സിംഹാസനവും; റാങ്കിങ്ങിൽ ഒന്നാമൻ സ്പെയിൻ, ഇന്ത്യയുടെ റാങ്ക് എത്രയാണെന്നറിയാമോ?

സൂറിച്ച്‌: ഫുട്‌ബോൾ ലോകകപ്പ്‌ കിരീടം കരസ്ഥമാക്കിയതിന് പിന്നാലെ സ്‌പെയിൻ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. അർജന്റീനയെ രണ്ടാം സ്‌ഥാനത്തേക്ക് തള്ളിയാണ് അവർ ഒന്നാമതെത്തിയത്. ഫ്രാൻസ്‌ മൂന്നാം സ്‌ഥാനത്ത് തന്നെ തുടരുന്നു. ഞായറാഴ്‌ച ന്യൂജഴ്‌സിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ്‌ സ്‌പെയിൻ ചാമ്പ്യന്മാരായത്‌.

ലോകകപ്പിൽ മൂന്നാം സ്‌ഥാനം നേടിയ ഇംഗ്ലണ്ട്‌ നാലാം റാങ്കിൽ തുടരുകയാണ്. ഫ്രാൻസിനെ 6-4 ന്‌ തകർത്താണ്‌ ഇംഗ്ലണ്ട്‌ വെങ്കലം നേടിയത്‌. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ അഞ്ചാം സ്‌ഥാനത്തുണ്ട്. റാങ്കിങ്ങിൽ മികച്ച മുന്നേറ്റം നടത്തിയ മൊറോക്കോ ആറാം സ്‌ഥാനത്തെത്തി. അതേസമയം നോക്കൗട്ടിൽ പുറത്തായ തിരിച്ചടിയെ തുടർന്ന് ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ രണ്ട്‌ സ്‌ഥാനങ്ങൾ താഴേക്കിറങ്ങി ഏഴാമതായി. ബെൽജിയം എട്ടാം സ്ഥാനത്തും നെതർലൻഡ്‌സ് ഒൻപതാം സ്ഥാനത്തുമാണ്. എന്നാൽ നാല്‌ സ്‌ഥാനങ്ങൾ മെച്ചപ്പെടുത്തിയ മെക്‌സിക്കോ പത്താം സ്ഥാനത്തെത്തി.

12 സ്‌ഥാനങ്ങൾ ഉയർന്ന് 19-ാം റാങ്കിലെത്തിയ നോർവേയും എർലിങ് ഹാളണ്ടും നേട്ടമുണ്ടാക്കി. ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ജർമനി ആദ്യ പത്തിൽ നിന്ന് പുറത്തായി 12-ാം സ്‌ഥാനത്തായി. ജർമനിക്ക് തൊട്ടുപിന്നിൽ 13-ാം സ്ഥാനത്താണ് ക്രൊയേഷ്യ. തുടർച്ചയായി മൂന്നാം തവണയും യോഗ്യത നേടാനാവാത്ത ഇറ്റലി 15-ാം സ്‌ഥാനത്തേക്ക് വീണു. 12 സ്‌ഥാനങ്ങൾ നഷ്ടപ്പെട്ട് 57-ാമതായ ടുണീഷ്യയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. എന്നാൽ അഞ്ച്‌ സ്ഥാനങ്ങൾ കയറിയ ഈജിപ്‌ത് 24-ാം റാങ്കിലെത്തി. ക്വാർട്ടർ ഫൈനലിൽ കളിച്ച പരാഗ്വേ ഏഴ്‌ സ്‌ഥാനങ്ങൾ ഉയർന്ന് 34 ലെത്തി. കന്നി ലോകകപ്പിൽ നോക്കൗട്ടിൽ പുറത്തായ കേപ്‌ വെർദെ മൂന്ന്‌ സ്‌ഥാനങ്ങൾ മെച്ചപ്പെടുത്തി ഘാനയ്ക്ക് തൊട്ടുമുമ്പിൽ 64-ാമതായി.

ലോകത്തെ അംഗീകരിക്കപ്പെട്ട 195 രാജ്യങ്ങളില്‍, 1.47 ബില്യണ്‍ മനുഷ്യരുമായി ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യയുടെ റാങ്കിംഗ് എത്രയാണെന്നറിയണ്ടേ? ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം 138-ാം സ്‌ഥാനത്താണ്‌. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പട്ടികയില്‍ 26-ാം സ്‌ഥാനത്തുമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *