Crime Featured

‘എങ്ങനെ കൊല്ലും? മൃതദേഹം മറവ് ചെയ്യാം?’; ചോദ്യങ്ങൾ AIയോട്, മൂന്നംഗ കുടുംബത്തെ വധിച്ച കേസിൽ മൂത്തമകളും പങ്കാളിയും കുടുങ്ങിയതിങ്ങനെ

ബെംഗളൂരു∙ കെആർ പുരത്ത് മൂന്നംഗ കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ, കൃത്യം ആസൂത്രണം ചെയ്യാനും മൃതദേഹങ്ങൾ മറവു ചെയ്യാനും മുഖ്യപ്രതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്ലാറ്റ്‌ഫോമുകളുടെ സഹായം തേടിയിരുന്നതായി പൊലീസ് കണ്ടെത്തി. കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായ ഈ വിവരം മുഖ്യപ്രതിയായ കെന്നത്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൊലപാതക പദ്ധതികൾ തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂൺ 22-നാണ് കെആർ പുരം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ സീഗെബള്ളിയിലുള്ള അപ്പാർട്ട്മെന്റിൽ ദാരുണമായ സംഭവം നടന്നത്. സോമസുന്ദരം (55), ഭാര്യ മുത്തുലക്ഷ്മി (48), മകൾ സുപ്രിയ (19) എന്നിവരെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്തമകളായ ശ്വേതയും (25) അവരുടെ പങ്കാളി കെന്നത്തും (25) ആണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും ശാസ്ത്രീയ പരിശോധനയിലുമാണ് കെന്നത്തിന്റെ എഐ ഉപയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ആറുമാസമായി ഇയാൾ കൊലപാതകവുമായി ബന്ധപ്പെട്ട സംശയങ്ങൾ എഐയോട് ചോദിച്ചറിഞ്ഞിരുന്നു. കൊല നടത്തേണ്ട രീതികളും തെളിവവശിഷ്ടങ്ങളും മൃതദേഹവും എങ്ങനെ ഇല്ലാതാക്കാമെന്നും എഐ വഴിയാണ് മനസ്സിലാക്കിയത്. നേരിട്ട് ചോദിക്കാതെ, “വീട്ടിൽ കള്ളന്മാർ കയറിയാൽ അവരെ എങ്ങനെ നേരിടാം, പ്രതിരോധിക്കാൻ ഏതെല്ലാം ആയുധങ്ങൾ ഉപയോഗിക്കാം” എന്നിങ്ങനെയുള്ള തന്ത്രപരമായ ചോദ്യങ്ങളിലൂടെയാണ് പ്രതി വിവരങ്ങൾ ചോർത്തിയതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *