ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിചിത്ര സംഭവമാണ് കർണാടകയിലെ ചിക്കബെല്ലാപൂർ അഡീഷണൽ സീനിയർ സിവിൽ ജഡ്ജി കോടതിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. കോടതി മുറിയിൽ നടന്ന ഈ ഞെട്ടിക്കുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് അതൊരു തമാശയായി പോലും തോന്നിയേക്കാം. ചിക്കബെല്ലാപൂരിലെ ഒന്നാം അഡീഷണൽ സീനിയർ സിവിൽ ജഡ്ജ് കോടതിയിലെ ജഡ്ജിയുടെ കസേരയ്ക്ക് മുകളിൽ ഒരു സ്ത്രീ ദുർമന്ത്രവാദം നടത്തുന്ന ദൃശ്യങ്ങൾ അവിടുത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മഞ്ജുള എന്ന അറുപത്തിയഞ്ചുകാരിയാണ് പൂജിച്ച വെളുത്ത കടുക് ജഡ്ജിയുടെ കസേരയ്ക്ക് മുകളിൽ വിതറിയത്.
രണ്ടു ദിവസം മുൻപ് അതീവ രഹസ്യമായാണ് ഇവർ കോടതിക്കുള്ളിൽ കയറി ഈ മന്ത്രവാദം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെ ഇത് ശ്രദ്ധയിൽപ്പെട്ട ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കർണാടക സർക്കാർ 2017-ൽ കൊണ്ടുവന്ന ‘അന്ധവിശ്വാസ നിരോധന നിയമപ്രകാരം’ ഇവർക്കെതിരെ കേസെടുക്കുകയും കോടതിയിൽ ഹാജരാക്കിയ മഞ്ജുളയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
എന്നാൽ, ഇവർ എന്തിനാണ് ജഡ്ജിയുടെ കസേര ലക്ഷ്യമിട്ട് ഇങ്ങനെയൊരു മന്ത്രവാദം ചെയ്യാൻ മുതിർന്നതെന്നോ, ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടോ എന്നതിനെക്കുറിച്ചോ പോലീസ് ഇപ്പോൾ കൃത്യമായി അന്വേഷിച്ചുവരികയാണ്.




