ലണ്ടൻ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു ടെസ്റ്റ് മത്സരത്തിനിടയിൽ തനിക്ക് ആർത്തവം ഉണ്ടായെന്നും, തുടർന്ന് സാനിറ്ററി പാഡ് മാറ്റാൻ കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിന് പുറത്തുപോകാൻ അനുവദിക്കണമെന്ന് അംപയറോട് ആവശ്യപ്പെടേണ്ടി വന്നെന്നുമാണ് സ്മൃതി വെളിപ്പെടുത്തിയത്. ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ. താൻ ഗ്രൗണ്ടിൽ നിന്ന് മാറിയതോടെ പത്തു മിനിറ്റിലധികം സമയം കളി തടസ്സപ്പെട്ടതായും സ്മൃതി വ്യക്തമാക്കി.
‘‘രാജ്യത്തിന് വേണ്ടിയാണ് ഞാൻ കളിക്കുന്നത് എന്ന ചിന്തയാണ് എന്നെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. ആ ജഴ്സി അണിഞ്ഞു കഴിഞ്ഞാൽ നമ്മുടെ ഉത്തരവാദിത്തം പൂർണ്ണമായി നിറവേറ്റണം. ചിലപ്പോഴൊക്കെ ആർത്തവ വേദന പോലും അതിന് തടസ്സമാകാറില്ല. പാഡ് മാറ്റാനായി ഗ്രൗണ്ടിൽ നിന്ന് ഓടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വിചിത്രമായ അനുഭവമാണ്. ഞാൻ അംപയറോട് കാര്യം പറഞ്ഞത് ഓർക്കുന്നു. വെള്ള വസ്ത്രമാണ് (ടെസ്റ്റ് ജഴ്സി) ധരിച്ചിരുന്നത് എന്നതുകൊണ്ട് അംപയർക്കും മറ്റ് വഴികളില്ലായിരുന്നു, അവർക്ക് സാഹചര്യം പെട്ടെന്ന് മനസ്സിലാവുകയും ചെയ്തു’’– സ്മൃതി പറഞ്ഞു.
പല വനിതാ കായികതാരങ്ങൾക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ ആരും ഇതേക്കുറിച്ച് പരസ്യമായി സംസാരിക്കാറില്ല. അതുകൊണ്ടുതന്നെ സ്മൃതിയുടെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായി. രാജ്യത്തിനായി കളിക്കുമ്പോൾ പലപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്ന് ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വനിതാ താരങ്ങൾ നിർബന്ധിതരാകാറുണ്ടെന്ന് സ്മൃതി വിശദീകരിച്ചു. കായികരംഗത്ത് സ്ത്രീകൾ നേരിടുന്ന ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയാൻ കാണിച്ച ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ആർത്തവം കാരണം ഒരു താരത്തിന് ഫീൽഡ് വിടേണ്ടി വരുമ്പോൾ ക്രിക്കറ്റ് നിയമങ്ങൾ അത് അനുവദിക്കുന്നുണ്ടോ എന്നൊരു ചോദ്യം കൂടി സ്മൃതിയുടെ ഈ വെളിപ്പെടുത്തലോടെ ഉയരുന്നുണ്ട്. എംസിസി നിയമങ്ങളും ഐസിസി പ്ലെയിങ് കണ്ടീഷനുകളും അനുസരിച്ച്, പരുക്കോ രോഗമോ പോലുള്ള ന്യായമായ കാരണങ്ങളുണ്ടെങ്കിൽ അംപയർമാരുടെ അനുമതിയോടെ കളിക്കാർക്ക് മൈതാനം വിടാം. ഈ സമയത്ത് പകരക്കാരന് ഫീൽഡ് ചെയ്യാൻ ഇറങ്ങാമെങ്കിലും, അവർക്ക് ബോൾ ചെയ്യാനോ വിക്കറ്റ് കീപ്പ് ചെയ്യാനോ ടീമിനെ നയിക്കാനോ കഴിയില്ല.
ഇത്തരം സാഹചര്യങ്ങളിൽ നിയമങ്ങളിൽ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ബോളർ എട്ട് മിനിറ്റിൽ കൂടുതൽ സമയം മൈതാനത്തിന് പുറത്തിരുന്നാൽ, തിരികെ വന്ന ശേഷം വീണ്ടും ബോൾ ചെയ്യുന്നതിന് മുൻപ് അത്രയും സമയം തന്നെ കാത്തിരിക്കേണ്ടി വരും. ആരോഗ്യപരമായ കാരണങ്ങളാൽ ഇടവേള എടുക്കേണ്ടി വരുന്ന ഓൾറൗണ്ടർമാരെയും ബോളർമാരെയും ഈ നിയമം കാര്യമായി ബാധിച്ചേക്കാം.
എന്നാൽ ഈ ക്രിക്കറ്റ് നിയമങ്ങളിൽ ആർത്തവത്തെക്കുറിച്ച് പ്രത്യേകം എടുത്തു പറയുന്നില്ല. അംപയർമാർക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാമെങ്കിലും, ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യ കാര്യങ്ങളിൽ വ്യക്തമായ വ്യവസ്ഥകളൊന്നുമില്ല. ഇത് സ്മൃതി നേരിട്ടതുപോലെയുള്ള സാഹചര്യങ്ങളിൽ കളിക്കാർക്ക് വലിയ അനിശ്ചിതത്വം ഉണ്ടാക്കുന്നുണ്ട്.




