Featured Sports

ശുഭ്മൻ ഗിൽ പുറത്ത്; നിർണ്ണായക മത്സരത്തിൽ സഞ്ജു സാംസൺ ഓപ്പണറാകും?

അഹമ്മദാബാദ്‌: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിട്ടു നില്‍ക്കുകയാണ്‌. ലഖ്‌നൗവില്‍ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി20 മൂടല്‍ മഞ്ഞ്‌ മൂലം ഒരു പന്ത്‌ പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

അഭിഷേക് ശർമ്മ-സഞ്ജു സാംസൺ സഖ്യത്തെ ഓപ്പണർമാരായി പരീക്ഷിക്കാനുള്ള അവസരം ഇതോടെ ഇന്ത്യൻ മാനേജ്‌മെന്റിന് നഷ്ടമായി. പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ശുഭ്മൻ ഗില്ലിന് പകരമായാണ് സഞ്ജു ടീമിലെത്തുന്നത്. ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ടെങ്കിലും, വൈസ് ക്യാപ്റ്റൻ കൂടിയായ ഗിൽ അഞ്ചാം മത്സരത്തിലും കളിക്കില്ലെന്നാണ് വിവരം. ഇന്നത്തെ മത്സരം തോറ്റാലും ഇന്ത്യക്കു പരമ്പര നഷ്‌ടമാകില്ല. കാലാവസ്‌ഥ മത്സരത്തിന്‌ അനുയോജ്യമാണെന്നത്‌ ആശ്വാസമാണ്‌. മുടല്‍ മഞ്ഞോ മഴയോ മത്സരത്തിനു തടസമാകില്ല.

അഭിഷേകും സഞ്ജുവും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത 17 ടി20 മത്സരങ്ങളിൽ 14-ലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. നിലവിൽ ടീമിന്റെ റിസർവ് ഓപ്പണറായ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം തന്റെ കഴിവ് തെളിയിക്കാനുള്ള വലിയ അവസരമാണ് ഈ ഫൈനൽ മത്സരം. ഏഷ്യാ കപ്പിന് മുന്നോടിയായി ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശേഷം താളം കണ്ടെത്താൻ ഗിൽ കഷ്ടപ്പെടുകയാണ്. ടി20 ലോകകപ്പിന് മുൻപ് ഇനി ആറ് ഉഭയകക്ഷി മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, പകരക്കാരെ സജ്ജരാക്കി നിർത്താനാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം ഇവിടെ രാത്രിയില്‍ നടന്ന ഏഴ്‌ മത്സരങ്ങളില്‍ ആറിലും ആദ്യം ബാറ്റ്‌ ചെയ്‌തവര്‍ ജയിച്ചു. ടെസ്‌റ്റ് പരമ്പര 2-0 ത്തിനു നേടിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കൈവിട്ടത്‌ പൊരിഞ്ഞ പോരാട്ടത്തിനു ശേഷമാണ്‌. ഇന്നു ജയിച്ച്‌ ട്വന്റി20 പരമ്പര സമനിലയാക്കിയാല്‍ ചരിത്ര നേട്ടവുമായി അവര്‍ക്ക്‌ നാട്ടിലേക്കുള്ള വിമാനത്തില്‍ കയറാം. പരമ്പര ദക്ഷിണാഫ്രിക്കയുടെ മാര്‍കോ യാന്‍സന്‌ ഏറെ ഗുണമായി. ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും താന്‍ അവിഭാജ്യ ഘടകമാണെന്നു തെളിയിക്കാന്‍ യാന്‍സനായി.

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ നിരാശാജക പ്രകടനം തുടരുകയാണ്‌. കഴിഞ്ഞ ഒക്‌ടോബറിനു ശേഷം താരത്തിന്‌ അര്‍ധ സെഞ്ചുറിയടിക്കാനായില്ല. തുടര്‍ന്നു നടന്ന 21 ഇന്നിങ്‌സുകളിലായി 239 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 119.5 ആണ്‌ സ്‌ട്രൈക്ക്‌ റേറ്റ്‌. വ്യക്‌തിപരമായ കാരണങ്ങളാല്‍ ലഖ്‌നൗവില്‍ കളിക്കാതിരുന്ന ജസ്‌പ്രീത്‌ ബുംറ ഇന്ത്യന്‍ ടീമിനൊപ്പമെത്തി. ബുംറയുടെ സ്വന്തം നാടാണ്‌ അഹമ്മദാബാദ്‌.

കാലിനു പരുക്കേറ്റ ഓപ്പണര്‍ ശുഭ്‌മന്‍ ഗില്‍ ഇന്നും കളിക്കില്ലെന്ന്‌ ഉറപ്പാണ്‌. മറ്റൊരു അഹമ്മദാബാദുകാരനായ അക്ഷര്‍ പട്ടേലും അസുഖ ബാധിതനായതിനാല്‍ കളിക്കില്ല. ഗില്ലിന്റെ അഭാവത്തില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ കളിച്ചേക്കും. സഞ്‌ജു സ്‌പെഷലിസ്‌റ്റ് ബാറ്ററായും ജിതേഷ്‌ ശര്‍മ വിക്കറ്റ്‌ കീപ്പറായും തുടരാനാണു സാധ്യത. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മാറ്റങ്ങള്‍ക്കു സാധ്യതയില്ല.

സാധ്യതാ ടീം: ഇന്ത്യ – അഭിഷേക്‌ ശര്‍മ, സഞ്‌ജു സാംസണ്‍/ ശുഭ്‌മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്‌ (നായകന്‍), തിലക്‌ വര്‍മ, ജിതേഷ്‌ ശര്‍മ, ഹാര്‍ദിക്‌ പാണ്ഡ്യ, ശിവം ദുബെ, ഹര്‍ഷിത്‌ റാണ/വാഷിങ്‌ടണ്‍ സുന്ദര്‍, അര്‍ഷദീപ്‌ സിങ്‌, ജസ്‌പ്രീത്‌ ബുംറ, വരുണ്‍ ചക്രവര്‍ത്തി.

സാധ്യതാ ടീം: ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക്‌, റീസ ഹെന്‍ഡ്രിക്‌സ്, എയ്‌ദീന്‍ മാര്‍ക്രം (നായകന്‍), ഡെവാള്‍ഡ്‌ ബ്രെവിസ്‌, ഡേവിഡ്‌ മില്ലര്‍, ഡൊണോവന്‍ ഫെരേര, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്‌, ജോര്‍ജ്‌ ലിന്‍ഡെ/ കേശവ്‌ മഹാരാജ്‌/ആന്റിച്‌ നോര്‍ടിയ, ലുങ്കി എന്‍ഗിഡി, ഒട്ടെനില്‍ ബാര്‍ട്ട്‌മാന്‍.

അഞ്ചാം ടി20-ക്കായി ഇതിനകം 78,000 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 500 രൂപയും കൂടിയത് 2,000 രൂപയുമാണ്. “വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിന് ആരാധകരിൽ നിന്ന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ടി20 എന്നും കാണികൾക്ക് പ്രിയപ്പെട്ടതാണ്,” ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനിൽ പട്ടേൽ പ്രതികരിച്ചു.