Crime

‘അവനോട് പറ, ഞാനാണ് കൊന്നതെന്ന്‘; 10-ാംക്ലാസുകാരനെ കുത്തിക്കൊന്ന് 9-ാംക്ലാസുകാരൻ; ഞെട്ടിക്കുന്ന ചാറ്റ്

ഗുജറാത്തിലെ ഖോക്രയില്‍ ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് പത്താംക്ലാസുകാരൻ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കൊലപാതകം സംബന്ധിച്ച് പ്രതിയായ വിദ്യാർഥിയും സഹപാഠിയും തമ്മിൽ നടത്തിയ ചാറ്റ് ആണ് പുറത്തുവന്നത്. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ ഇവര്‍ പഠിച്ച സ്‌കൂളിന് പുറത്ത് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

സംഭവത്തില്‍ സ്‌കൂള്‍ അധികര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആരോപണം. കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം അധികൃതര്‍ സ്‌കൂള്‍ പരിസരം കഴുകി വെടിപ്പാക്കാന്‍ വാട്ടര്‍ ടാങ്കര്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്നു രക്ഷിതാക്കള്‍ ആരോപിച്ചു. മുറിവേറ്റ വയറ്റില്‍ കൈവച്ച് വിദ്യാര്‍ഥി സ്‌കൂളിലേക്ക് നടക്കുന്നത് സി.സി. ടിവി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ക്യാമ്പസില്‍ കുഴഞ്ഞുവീണു. എന്നാല്‍, ‘108’ അടിയന്തര സേവനത്തിലേക്ക് വിളിക്കാനോ സഹായം തേടാനോ സ്‌കൂള്‍ ജീവനക്കാര്‍ ശ്രമിച്ചില്ല. ഒടുവില്‍ സഹപാഠികളില്‍ ഒരാള്‍ ഏര്‍പ്പാടാക്കിയ റിക്ഷയിലാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടു പോയതെന്നും പോലീസ് പറഞ്ഞു.

പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാന്‍ 30 മിനിറ്റ് എടുത്തതായി പോലീസ് സ്ഥിരീകരിച്ചു. അപ്പോഴേക്കും അമിതമായ രക്തനഷ്ടം കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യതയെ സാരമായി ബാധിച്ചിരുന്നുവെന്നുവെന്നും പോലീസ് വ്യകക്കതമാക്കി.

സംഭവത്തിൽ പ്രതിയായ കുട്ടിയും സുഹൃത്തും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പുറത്തായതോടെ ഖോക്രയിലെ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് സ്‌കൂളിന് പുറത്ത് വന്‍ പ്രതിഷേധം അരങ്ങേറി. അക്രമാസക്തരായ ജനക്കൂട്ടം സ്‌കൂള്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ കൈയറ്റം ചെയ്യുകയും ചെയ്തു. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് സൂചിപ്പിക്കുന്നതാണ് ചാറ്റ്.

ഇന്‍സ്റ്റഗ്രാമില്‍ museffff.ms എന്ന യൂസര്‍നെയിം ഉപയോഗിക്കുന്ന പ്രതിയും സുഹൃത്തും തമ്മിലുള്ള ചാറ്റാണ് പുറത്തായത്. സ്‌ക്രീന്‍ഷോട്ടിലെ ചാറ്റ് ഇപ്രകാരമാണ്:

സുഹൃത്ത്: ഭായ്, നീ ഇന്ന് എന്തെങ്കിലും ചെയ്തോ?
പ്രതി: യേസ്.
സുഹൃത്ത്: നീ ആരെയെങ്കിലും കുത്തിയിട്ടുണ്ടോ?
പ്രതി: നിന്നോട് ഇത് ആരാണ് പറഞ്ഞത്?
സുഹൃത്ത്: ഒന്നു വിളിക്ക്.
സുഹൃത്ത്: * ഇതിന്റെ പേരില്‍ ഒരാളെ കുത്തിക്കൊല്ലരുതായിരുന്നു. നിനക്ക് അവനെ അടിച്ചാല്‍ മതിയായിരുന്നു. കൊല്ലേണ്ടിയിരുന്നില്ല.

പ്രതി: എന്തായാലും സംഭവിച്ചത് സംഭവിച്ചു.
സുഹൃത്ത്: നീ സൂക്ഷിച്ചോ. കുറച്ചുകാലം ഒളിവില്‍ പോവുക. ഈ ചാറ്റുകള്‍ ഡിലീറ്റ് ചെയ്യണേ.
പ്രതി: ശരി.

കൊന്ന കാര്യം എങ്ങനെയാണ് സുഹൃത്ത് അറിഞ്ഞതെന്ന് ചോദിക്കുന്നുണ്ട് പ്രതി. വഴിയില്‍വെച്ച് ഇരുവരുടെയും സുഹൃത്തിനെ കണ്ടിരുന്നുവെന്നും അവന്‍ പറഞ്ഞാണ് അറിഞ്ഞതെന്നും മറുപടി പറയുന്നുണ്ട്. ‘ഞാനാണ് കൊന്നതെന്ന് അവനോട് പറയൂ’ എന്ന് പ്രതി മറുപടിയും നല്‍കുന്നുണ്ട്.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്നാണ് ആരോപണം ഉയരുന്നത്.