Sports

ചെന്നൈയിലും ‘ചേട്ടൻ’ നേരത്തേ മടങ്ങി; രണ്ടാം ഓവറില്‍ സഞ്ജു ഏഴു റൺസെടുത്ത് പുറത്ത്, നിരാശപ്പെടുത്തി താരം

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ജഴ്‌സിയിലെ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ആരാധകരെ നിരാശപ്പെടുത്തി. ചെന്നൈയുടെ സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിൽ ഏഴ് പന്തിൽ ഏഴ് റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായി. സേവ്യർ ബാർട്‌ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്‌സിമ്രൻ സിങ്ങിന് ക്യാച്ച് നൽകുകയായിരുന്നു താരം. മഞ്ഞ ജഴ്‌സിയിലെ ആദ്യ മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. അന്ന് രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് പന്തിൽ ആറ് റൺസ് എടുത്ത് നിൽക്കെ നാന്ദ്രെ ബർഗറുടെ പന്തിൽ താരം ബൗൾഡായി.

ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ഫോം കണ്ടെത്താനായില്ല. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച അതേ ടീമുമായാണ് പഞ്ചാബ് ഇന്നിറങ്ങിയത്. ചെന്നൈ ടീമിൽ ഒരു മാറ്റമുണ്ട്. ഓസ്‌ട്രേലിയൻ താരം മാത്യു ഷോർട്ടിന് പകരം ഇന്ത്യൻ ഓൾറൗണ്ടർ പ്രശാന്ത് വീർ ടീമിലിടം പിടിച്ചു.

ടീം ചെന്നൈ സൂപ്പർ കിങ്സ് – സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, കാർത്തിക്ക് ശർമ, പ്രശാന്ത് വീർ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷൂൽ കാംബോജ്, ഖലീൽ അഹമ്മദ്.

ടീം പഞ്ചാബ് കിങ്സ് – പ്രബ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പര്‍), കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നേഹല്‍ വധേര, ശശാങ്ക് സിങ്, മാർകസ് സ്റ്റോയ്നിസ്, മാർകോ യാൻസൻ, സേവ്യർ ബാർട്‍ലെറ്റ്, വിജയകുമാർ‍ വൈശാഖ്, അർഷ്ദീപ് സിങ്, യുസ്‍വേന്ദ്ര ചെഹല്‍.