Featured Sports

റെക്കോഡ് ഡീൽ! 16,916 കോടി രൂപയ്‌ക്ക് റോയൽ ചലഞ്ചേഴ്സിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കുന്നു. ഏകദേശം 16,916 കോടി രൂപയ്ക്കാണ് (1.8 ബില്യൺ ഡോളർ) ഐ.പി.എല്ലിലെ ഈ പ്രമുഖ ടീമിനെ ഏറ്റെടുക്കുന്നത്. കരാർ പൂർത്തിയാകുന്നതോടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസിയായി ആർ.സി.ബി മാറും.

രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ സംരംഭകൻ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള സംഘം വാങ്ങുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആർ.സി.ബിയുടെ ഈ റെക്കോർഡ് കൈമാറ്റവും പുറത്തുവരുന്നത്. കുമാർ മംഗളം ബിർളയുടെ ആദിത്യ ബിർള ഗ്രൂപ്പിന് പുറമെ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബ്ലാക്ക്സ്റ്റോൺ, ബോൾട്ട് വെഞ്ചേഴ്സ് എന്നിവരും ഈ വലിയ ഇടപാടിൽ പങ്കാളികളാണ്.

2026-ലെ ഐ.പി.എൽ സീസണിന് ശേഷമായിരിക്കും ടീമിന്റെ പൂർണ്ണമായ ഉടമസ്ഥാവകാശം കൈമാറുന്നത്. ആർ.സി.ബിയുടെ നൂറു ശതമാനം ഓഹരികളും പുതിയ കൺസോർഷ്യം സ്വന്തമാക്കും. ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടർ ആര്യമാൻ വിക്രം ബിർള ഫ്രാഞ്ചൈസിയുടെ ചെയർമാനായും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിലെ സത്യൻ ഗജ്വാനി വൈസ് ചെയർമാനായും ചുമതലയേൽക്കും

ഇതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ മുന്‍ ചാമ്പ്യന്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ പുതിയ ഉടമസ്‌ഥര്‍. യു.എസിലെ വ്യവസായ സംരംഭകനായ കല്‍ സൊമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണു രാജസ്‌ഥാനെ ഏറ്റെടുത്തത്‌. ഫ്രാഞ്ചൈസിയെ ഏകദേശം 15,286 കോടി രൂപയ്‌ക്കാണ്‌ (1.63 ദശലക്ഷം ഡോളര്‍) സ്വന്തമാക്കിയത്‌. വമ്പന്‍ വ്യവസായികളായ വാള്‍മാര്‍ട്ടിന്റെ പിന്തുണയോടെയാണു കല്‍ സൊമാനി രാജസ്‌ഥാന്റെ മുഴുവന്‍ ഓഹരികളും വാങ്ങിയത്‌. നേരത്തേ സൊമാനി രാജസ്‌ഥാന്റെ ചെറിയ ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. കൈമാറ്റത്തോടെ രാജസ്‌ഥാന്‍ റോയല്‍സ്‌ ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഫ്രാഞ്ചൈസിയായി.

ഒരു ദശലക്ഷം ഡോളറിലധികം തുകയ്‌ക്ക് വില്‍ക്കുന്ന ആദ്യ ഐ.പി.എല്‍. ടീമും രാജസ്‌ഥാന്‍ റോയല്‍സാണ്‌. 940 ദശലക്ഷം ഡോളറിനാണ്‌ സഞ്‌ജീവ്‌ ഗോയങ്കയുടെ ആര്‍.പി.എസ്‌.ജി. ഗ്രൂപ്പ്‌ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ സ്വന്തമാക്കിയത്‌. ഗുജറാത്ത്‌ ടൈറ്റന്‍സിന്റെ 67% ഓഹരികള്‍ ടൊറന്റ്‌ ഗ്രൂപ്പ്‌ വാങ്ങിയതാകട്ടെ 575 ദശലക്ഷം ഡോളറിനാണ്‌. രാജസ്‌ഥാനെ വില്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ട്‌ ആറു മാസം കടന്നിരുന്നു.

ആദിത്യ ബിര്‍ല ഗ്രൂപ്പ്‌, ടൈംസ്‌ ഓഫ്‌ ഇന്ത്യ ഗ്രൂപ്പ്‌, കാപ്രി ഗ്ലോബല്‍, ആവ്‌റം ഗ്ലേസര്‍ തുടങ്ങിയവരെ മറികടന്നാണു കല്‍ സോമാനി രാജസ്‌ഥാനെ സ്വന്തമാക്കിയത്‌. വാല്‍മാര്‍ട്ടിലെ റോബ്‌ വാല്‍ട്ടണ്‍, നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ ഡിട്രോയിറ്റ്‌ ലയണ്‍സിന്റെ ഉടമ്‌സഥരായ ഹാംപ്‌സ്, ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയുടെ സഹ ഉടമ ഷീലിയ ഫോര്‍ഡ്‌ ഹാംപ്‌ എന്നിവരും കല്‍ സൊമാനിക്കു പിന്നിലുണ്ട്‌. റോയല്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പ്‌ ( എമര്‍ജിങ്‌ മീഡിയ സ്‌പോര്‍ട്ടിങ്‌ ഹോള്‍ഡിങ്‌സ് ലിമിറ്റഡ്‌) കണ്‍സോര്‍ഷ്യമാണു രാജസ്‌ഥാന്‍ റോയല്‍സിന്റെ ആദ്യ ഉടമസ്‌ഥര്‍. പ്രഥമ ഐ.പി.എല്‍. ജേതാക്കളും രാജസ്‌ഥാന്‍ റോയല്‍സാണ്‌. ലാച്‌ലാ മുര്‍ഡോക്‌, റെഡ്‌ബേഡ്‌ കാപിറ്റല്‍ എന്നിവര്‍ക്കും ഓഹരിയുണ്ടായിരുന്നു. ഉടമസ്‌ഥാവകാശ തര്‍ക്കം മൂലം 2010 ല്‍ ടീമിന്‌ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഒത്തുതീര്‍പ്പിലെത്തിയതോടെ വിലക്ക്‌ നീങ്ങി. 2015 ല്‍ ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ രണ്ട്‌ വര്‍ഷത്തെ വിലക്ക്‌ വീണു. അന്നത്തെ പ്രധാന ഓഹരി ഉടമ രാജ്‌ കുന്ദ്രയ്‌ക്ക് ആജീവനാന്ത വിലക്കുമേര്‍പ്പെടുത്തി. 2018 ലാണു കളിക്കളത്തില്‍ തിരിച്ചെത്തിയത്‌. പുതിയ കരാര്‍ ഒപ്പിട്ടെങ്കിലും നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്‌. ഈ ഐ.പി.എല്‍. സീസണിന്‌ ശേഷമമായിരിക്കും ഉടമസ്‌ഥക്കൈമാറ്റം.