Celebrity

15കാരന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ 27കാരിയായ മോഡലുമായി ഡേറ്റിങ്ങിൽ? സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുമ്പോൾ പരുക്കിന്റെ പിടിയിലായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചുള്ള ആശങ്കകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. പോർച്ചുഗലിന്റെ സന്നാഹ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന താരം ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാൽ ഇപ്പോൾ കായിക ലോകത്തെ ചർച്ചാവിഷയം റൊണാൾഡോയല്ല, മറിച്ച് അദ്ദേഹത്തിന്റെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ്.

പതിനഞ്ചു വയസ്സുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ 27 വയസ്സുള്ള ഒരു ബ്രസീലിയൻ മോഡലുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ദുബായിൽ വച്ച് ഇവർ ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾ പടർന്നത്. എന്നാൽ 15 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെക്കുറിച്ച് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത് തികച്ചും അടിസ്ഥാനരഹിതവും അനുചിതവുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ നൽകിയ അഭിമുഖങ്ങളിലും ജോർജീന റോഡ്രീഗ്സിന്റെ ‘ഐ ആം ജോർജീന’ എന്ന ഷോയിലും തനിക്ക് പ്രണയബന്ധങ്ങൾ ഇല്ലെന്ന് ജൂനിയർ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പെൺസുഹൃത്തുക്കളെക്കുറിച്ച് താരം സംസാരിക്കുന്നുണ്ടെങ്കിലും അവയെല്ലാം വെറും സൗഹൃദങ്ങൾ മാത്രമാണെന്നാണ് ക്രിസ്റ്റ്യാനോ ജൂനിയറുടെ പക്ഷം. മുൻപ് ലൂയിസ് സുവാരസിന്റെ മകൾ ഡെൽഫിന സുവാരസുമായി ചേർത്തും സമാനമായ രീതിയിൽ ഗോസിപ്പുകൾ വന്നിരുന്നുവെങ്കിലും അതിനും തെളിവുകളൊന്നുമുണ്ടായിരുന്നില്ല.

2010-ൽ ജനിച്ച ക്രിസ്റ്റ്യാനോ ജൂനിയറുടെ മാതാവ് ആരാണെന്നത് റൊണാൾഡോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ പൂർണ്ണ സംരക്ഷണം തനിക്കാണെന്നും അമ്മയുടെ പേര് രഹസ്യമായി വെക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ജോർജീന റോഡ്രീഗ്സാണ് ജൂനിയറുടെ വളർത്തമ്മ. നിലവിൽ അൽ നസർ യൂത്ത് അക്കാദമിയിൽ കളിക്കുന്ന ജൂനിയർ, കഴിഞ്ഞ വർഷം പോർച്ചുഗൽ അണ്ടർ 16 ടീമിലും അരങ്ങേറ്റം കുറിച്ചിരുന്നു.