Crime

അമ്മയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി, പരോളിലിറങ്ങി സഹോദരനെ കൊലപ്പെടുത്തി, പ്രതിക്ക്‌ ജീവപര്യന്തം

പത്തനംതിട്ട: അമ്മയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ പരോളിലിറങ്ങി സഹോദരനെ സമാനരീതിയില്‍ വകവരുത്തിയ പ്രതിക്കു വീണ്ടും ജീവപര്യന്തം ശിക്ഷ.

അടൂര്‍ പന്നിവിഴ കോട്ടപ്പുറം സ്വദേശി പുതിയവീട്ടില്‍ മോഹനന്‍ ഉണ്ണിത്താ(65)നെയാണു പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി ജി. ജയകൃഷ്‌ണന്‍ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ചത്‌.

ഇയാള്‍ 2005 നവംബറില്‍ അമ്മയെ വിറകു കഷണംകൊണ്ട്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഇതിനിടെ പരോളിലിറങ്ങി സഹോദരനായ രഘു എന്നു വിളിക്കുന്ന സതീഷ്‌ കുമാറിനെ ഉലക്കകൊണ്ട്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. 2024 ജൂണ്‍ 29 നായിരുന്നു രണ്ടാമത്തെ കൊലപാതകം.

അടൂര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന ആര്‍. രാജീവ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയും പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു. അടൂര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ശ്യാം മുരളിയാണ്‌ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. വിചാരണയില്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ്‌ ഹാജരായി.