Celebrity

നായികമാരുടെ സമ്മതമില്ലാതെ തൊടാൻ ആര് അധികാരം നൽകി? സംവിധായകനെതിരെ വിമര്‍ശനം- വീഡിയോ

ഹൈദരാബാദ്∙ മുതിർന്ന തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനം . അനിൽ രാവിപുടി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് സിനിമയുടെ പൂജാ ചടങ്ങിനിടെ നായികമാരോട് അനാവശ്യമായി സ്പര്‍ശിച്ചു എന്നാരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ ആളുകൾ രംഗത്തെത്തിയിരിക്കുന്നത്.

വെങ്കിടേഷും കല്ല്യാൺ റാമും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങ് കഴിഞ്ഞ ജൂൺ 18-നാണ് ഹൈദരാബാദിൽ വച്ച് നടന്നത്. ചടങ്ങിലേക്ക് അതിഥിയായി എത്തിയതായിരുന്നു രാഘവേന്ദ്ര റാവു. ഫോട്ടോ എടുക്കുന്ന സമയത്ത് നടി കീർത്തി സുരേഷിന്റെ കൈയിൽ അദ്ദേഹം ബലമായി പിടിച്ചു മാറ്റുന്നതും, പിന്നീട് മറ്റൊരു നടിയായ കൃതി ഷെട്ടിയുടെ കൈയിൽ പിടിച്ചുവലിച്ച് നിർത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ഇതിനുപുറമെ ചിത്രത്തിലെ നായകന്മാരോട് നടിമാരുടെ തോളിൽ കൈവെച്ച് നിൽക്കാൻ ഇദ്ദേഹം ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഈ ചടങ്ങിന്റെ വീഡിയോകൾ പ്രചരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നത്. സ്ത്രീകളുടെ സമ്മതമില്ലാതെ പൊതുവേദിയിൽ വെച്ച് അവരെ ഇത്തരത്തിൽ സ്പർശിക്കാൻ ഇദ്ദേഹത്തിന് ആരാണ് അധികാരം നൽകിയതെന്നാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പലരും ചോദിക്കുന്നത്.

മുൻപ് നടി നിഹാരികയോടും ഇയാൾ ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് കാണിച്ച് പഴയ ദൃശ്യങ്ങളും ചിലർ പങ്കുവെക്കുന്നുണ്ട്. നായികമാരെ മോശം രീതിയിൽ ചിത്രീകരിക്കുന്ന രാഘവേന്ദ്ര റാവുവിന്റെ പഴയ പാട്ടുകളുടെ ശൈലിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *