യുഎസിലെ ഒഹായോയിലുള്ള ഒരു ആശുപത്രിയിലെ 17 നഴ്സുമാർ ഒരേ സമയം ഗർഭിണികളായെന്ന കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡേറ്റണിലെ മിയാമി വാലി ആശുപത്രിയിലാണ് ഈ അപൂർവ സംഭവം നടന്നത്. ഈ സന്തോഷം ഒന്നിച്ച് ആഘോഷിക്കാനായി 17 പേരും ഒത്തുകൂടിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയാണ്.
നേരത്തെ 2019-ൽ ഇതേ ആശുപത്രിയിൽ ഒരേസമയം 11 നഴ്സുമാർ ഗർഭിണികളായ ഒരു റെക്കോർഡ് ഉണ്ടായിരുന്നു. ആ പഴയ റെക്കോർഡാണ് ഇപ്പോൾ 2026-ൽ ഇവർ തിരുത്തിക്കുറിച്ചത്. 12 ആഴ്ച മുതൽ 35 ആഴ്ച വരെ ഗർഭാവസ്ഥയിലുള്ളവരാണ് ഈ 17 പേരും. ഇവരിൽ ചിലർ തങ്ങളുടെ ആദ്യത്തെ കൺമണിയെയും മറ്റുള്ളവർ രണ്ടാമത്തെ കുട്ടിയെയും കാത്തിരിക്കുകയാണെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഒന്നിച്ച് വളരുന്ന കാലം സ്വപ്നം കാണുകയാണ് ഈ അമ്മമാർ.
ഇത് തികച്ചും അത്ഭുതപ്പെടുത്തുന്ന ഒരു വാർത്തയാണെന്നാണ് ആശുപത്രിയിലെ നഴ്സിംഗ് മാനേജർ അംബേർലി സാനർ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ ആവശ്യത്തിന് നഴ്സുമാരും മറ്റ് ജീവനക്കാരുമുള്ളതിനാൽ ഇവരുടെ പ്രസവാവധി ജോലിയെ ബാധിക്കില്ലെന്നും കാര്യങ്ങൾ സുഗമമായി നടക്കുമെന്നും അവർ പറഞ്ഞു. നിലവിൽ ഇരുന്നൂറോളം നഴ്സിംഗ് ജീവനക്കാർ ഇവിടെയുണ്ട്. തീർത്തും അപ്രതീക്ഷിതമായാണ് ഇത് സംഭവിച്ചതെന്നും നഴ്സുമാർ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് ഇതിന് പിന്നിലെന്നുമാണ് ഇവർ പറയുന്നത്.
അനുഭവങ്ങളും നിർദ്ദേശങ്ങളും തമ്മിൽ പങ്കുവെക്കുന്ന ഈ നഴ്സുമാർ, തങ്ങളുടെ കുട്ടികൾ ഒന്നിച്ച് വളരുന്നതും കളിക്കുന്നതും സ്വപ്നം കാണുകയാണ്. “ഞങ്ങൾ എല്ലാവരും വലിയ ആവേശത്തിലാണ്, ഈയൊരു അനുഭവം ഒന്നിച്ച് പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” റൈലി പറഞ്ഞു. “ഞങ്ങൾ ആരും ഇത് മുൻകൂട്ടി പ്ലാൻ ചെയ്തതല്ല, പക്ഷെ എല്ലാം ഒത്തു വന്നു. ഒന്നിച്ച് ഈയൊരു ഘട്ടത്തിലൂടെ കടന്നുപോകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്.”
“നഴ്സുമാർക്കിടയിൽ വളരെ പ്രത്യേകതയുള്ളൊരു ബന്ധമുണ്ട്. പരസ്പരം പ്രസവമെടുക്കാൻ സഹായിക്കുന്നത് അവർ ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രസവമുറിയിൽ തങ്ങൾക്കൊപ്പം നിൽക്കുന്നവരെ അവർക്ക് അത്രമേൽ വിശ്വാസമാണ്, അവർ തങ്ങളെ നന്നായി പരിപാലിക്കുമെന്ന് ഇവർക്കറിയാം. അത് കാണാൻ തന്നെ വളരെ ഭംഗിയുള്ളൊരു കാര്യമാണ്,” അവർ പറഞ്ഞു നിർത്തി.




