മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതിന് പിന്നാലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വിശദീകരണവുമായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ്.ആർ രംഗത്തെത്തി. താൻ ഒളിവിലാണെന്നും വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും എംഡിഎംഎ കണ്ടെത്തിയെന്നും ഉള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ധന്യ പറഞ്ഞു. തനിക്ക് തെറ്റുപറ്റിയെന്നും ആളുകൾ ശ്രദ്ധിക്കാതിരിക്കാനാണ് വണ്ടി നിർത്താതെ പോയതെന്നുമാണ് ധന്യയുടെ വിശദീകരണം.
തന്റെ ഭാഗത്തുനിന്ന് വലിയ തെറ്റാണ് ഉണ്ടായതെന്നും ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നതിനാൽ വണ്ടി എടുക്കാൻ പാടില്ലായിരുന്നുവെന്നും ധന്യ പറഞ്ഞു. തന്നെ സ്നേഹിക്കുന്നവരോടും ഫോളോവേഴ്സിനോടും ക്ഷമ ചോദിച്ച ധന്യ, പൊലീസിന്റെ ബീക്കൺ ലൈറ്റ് ഉള്ളതുകൊണ്ട് ആളുകൾ ശ്രദ്ധിക്കുമെന്നും ഒരു വീഡിയോ വരാതിരിക്കാനുമാണ് വണ്ടി നിർത്താതെ പോയതെന്നും എന്നാൽ ഇപ്പോൾ അതിനേക്കാൾ വലിയ രീതിയിൽ വാർത്തയായെന്നും വ്യക്തമാക്കി.
വാഹനം ഓടിച്ചുപോയി തന്റെ വീടിന് മുന്നിലാണ് നിർത്തിയതെന്നും അവിടെവെച്ചാണ് പൊലീസ് എത്തിയതെന്നും ധന്യ പറഞ്ഞു. മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ഊതിച്ചു നോക്കിയ ശേഷം പൊലീസ് പെറ്റിയടിച്ചു. മദ്യപിച്ച് വണ്ടിയോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവർ പറഞ്ഞുതന്നുവെന്നും പിഴ കോടതിയിൽ അടച്ചാൽ മതിയെന്ന് അറിയിച്ചതായും ധന്യ വ്യക്തമാക്കുന്നു.
തന്റെ വണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അത് തന്റെ കൈവശം തന്നെയുണ്ടെന്നും ധന്യ പറഞ്ഞു. സംഭവം നടന്നിട്ട് രണ്ടു ദിവസമായെന്നും സാധാരണ പെറ്റി അടിക്കുന്നതുപോലെ തന്നെയാണ് തനിക്കും പെറ്റിയടിച്ചതെന്നും പിഴ കോടതിയിൽ ഒടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. താൻ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് പറയുന്നവർക്കുള്ള മറുപടിയായി, ആശുപത്രിയിൽ പോയി 3550 രൂപ നൽകി പരിശോധന നടത്തിയതിന്റെ തെളിവ് കയ്യിലുണ്ടെന്നും ഈ തെറ്റ് ഇനി ആവർത്തിക്കില്ലെന്നും ധന്യ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യയ്ക്ക് എതിരെ കാസർകോട് കുമ്പള പൊലീസ് കേസെടുത്തത്. കാസർകോട് അണങ്കൂരിൽ വെച്ച് പൊലീസിനെ കണ്ട് നിർത്താതെ പോയ ധന്യയുടെ വാഹനം പൊലീസ് പിന്തുടരുകയായിരുന്നു. തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ കുമ്പള ബന്തിയോട് ഭഗവതി നഗറിലെ വീട്ടുപരിസരത്തുനിന്നാണ് പൊലീസ് വാഹനം കണ്ടെത്തിയത്.




