കോമഡി താരം പ്രണിത് മോറെയുടെ സ്റ്റാൻഡ്-അപ്പ് ഷോയ്ക്കിടെ നടത്തിയ ചില പരാമർശങ്ങൾ വൈറലായതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ മുംബൈയിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സെജൽ പവാർ വീണ്ടും വാര്‍ത്തകളില്‍. ക്രിക്കറ്റ് താരങ്ങളായ പൃഥ്വി ഷാ, ആയുഷ് ബദോനി എന്നിവർക്ക് സെജൽ പവാറുമായി പ്രണയബന്ധമുണ്ടായിരുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വ്യാപകമാകുന്നത്. ഇതിന് പിന്നാലെ താരങ്ങളുമായുള്ള ബന്ധം ആരോപിച്ചുള്ള സ്ക്രീൻഷോട്ടുകളും ചിത്രങ്ങളും ഓഡിയോ ക്ലിപ്പുകളും പലരും പങ്കുവയ്ക്കുന്നുണ്ട്.
പൃഥ്വി ഷായുടെ കാമുകി ആകൃതി അഗർവാൾ ‘വഞ്ചന’യെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പിന് പിന്നാലെയാണ് ഈ പ്രചാരണങ്ങൾ ശക്തമായത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പൃഥ്വിയുടെ പേര് പരാമർശിക്കാതെ, താൻ പലതവണ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണ് ആകൃതി കുറിച്ചത്. എന്നാൽ, ഇതോടെ ഇന്റർനെറ്റ് ഉപയോക്താക്കൾ ഇതിന് പിന്നിലെ കാരണം തിരയാൻ തുടങ്ങുകയും പൃഥ്വി, സെജൽ, ബദോനി എന്നിവരുമായി ബന്ധിപ്പിച്ച് ചർച്ചകൾ കൊഴുക്കുകയുമായിരുന്നു. ചോർന്ന ചില ചിത്രങ്ങളിൽ സെജൽ പവാറിനെ പൃഥ്വിക്കും ബദോനിക്കുമൊപ്പം കാണാമെന്നും, പ്രചരിക്കുന്ന ഒരു ഓഡിയോ റെക്കോർഡിംഗിൽ വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഉണ്ടെന്നുമാണ് പല പോസ്റ്റുകളിലും ആരോപിക്കുന്നത്. ഈ വിവാദങ്ങൾ പൃഥ്വി ഷായുടെ പ്രതിശ്രുത വധുവുമായുള്ള ബന്ധത്തെ ബാധിച്ചിരിക്കാമെന്നും ചിലർ അവകാശപ്പെടുന്നു.
എന്നാൽ, ഈ ആരോപണങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പൃഥ്വി ഷായോ, ബദോനിയോ, സെജൽ പവാറോ ഈ വിഷയത്തിൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടുമില്ല. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങളുടെയോ ഓഡിയോ ക്ലിപ്പിന്റെയോ ആധികാരികത മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നുമില്ല.
നേരത്തെ പ്രണിത് മോറെയുടെ ഷോയ്ക്കിടെ മൃതദേഹങ്ങളെ കുറിച്ച് സെജൽ നടത്തിയ പരാമർശങ്ങൾ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് അവർ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. ആ വിവാദം അടങ്ങുന്നതിന് തൊട്ടുപിന്നാലെയാണ്, ക്രിക്കറ്റ് താരങ്ങളുമായുള്ള ബന്ധം ആരോപിക്കുന്ന പുതിയ പോസ്റ്റുകളിലൂടെ സെജൽ പവാർ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.




