Crime

അച്ഛന്റെ മരണാനന്തരം ജോലി അമ്മയ്ക്ക്, ജോലി സ്വന്തമാക്കാൻ അമ്മയെ കൊന്ന് മകൾ, അപകടമരണമാക്കാൻ ശ്രമം

കുടുംബസ്വത്തും സർക്കാർ ജോലിയും സ്വന്തമാക്കുന്നതിനായി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ഉൾപ്പെടെയുള്ളവർ പിടിയിൽ. കൊല്ലപ്പെട്ട നീരജ ശർമയുടെ മകൾ ആയുഷി (23) ആണ് അറസ്റ്റിലായത്. ക്രൂരമായ ഈ കൊലപാതകം ഒരു സാധാരണ വാഹനാപകടമാക്കി മാറ്റാനാണ് യുവതിയും സംഘവും ശ്രമിച്ചതെന്ന് രാജസ്ഥാന്‍ പൊലീസ് വ്യക്തമാക്കി. കേസിൽ ആയുഷിയെക്കൂടാതെ അവളുടെ അമ്മാവനും മറ്റ് അടുത്ത ബന്ധുക്കളും ഉൾപ്പെടെ ആറു പ്രതികൾ കൂടിയുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

പ്രതാപ് നഗറിൽ താമസിച്ചിരുന്ന നീരജ ശർമ (45) ആണ് കൊല്ലപ്പെട്ടത്. അമിതവേഗതയിലെത്തിയ ഒരു കാർ ഇടിച്ചായിരുന്നു ഇവരുടെ മരണം. എന്നാൽ ഈ അപകടത്തിൽ വലിയ ദുരൂഹത തോന്നിയതോടെ നീരജയുടെ സഹോദരനായ രാകേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. അമ്മയെ വകവരുത്താനായി പ്രതികൾ ഒരു ക്വട്ടേഷൻ സംഘത്തെ ഏൽപ്പിക്കുകയും പിന്നീട് അത് അപകടമരണമായി വരുത്തിത്തീർക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു വർഷം മുൻപ് ഭർത്താവ് വിജയ് കുമാർ ശർമ മരിച്ചതിനെത്തുടർന്നാണ് ആശ്രിത നിയമനത്തിലൂടെ നീരജ ശർമയ്ക്ക് സർക്കാർ ജോലി ലഭിക്കുന്നത്. എന്നാൽ ആ ജോലി തനിക്ക് വേണമെന്നായിരുന്നു മകൾ ആയുഷിയുടെ ആഗ്രഹം. പിതാവിന്റെ മരണശേഷം ആ ജോലി തനിക്ക് തരണമെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്മ അത് കേൾക്കാതെ ജോലി ഏറ്റെടുക്കുകയാണുണ്ടായത്. ഇത് തനിക്ക് വലിയ രീതിയിലുള്ള മാനസിക സമ്മർദത്തിന് കാരണമായി എന്ന് ആയുഷി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇതേത്തുടർന്നാണ് സർക്കാർ ജോലിയും കുടുംബത്തിന്റെ സ്വത്തുക്കളും മുഴുവനായി കൈക്കലാക്കാൻ അമ്മയെ കൊലപ്പെടുത്താൻ ആയുഷി തീരുമാനിച്ചത്. ഇതിനായി തന്റെ അമ്മാവനുമായും മറ്റ് ബന്ധുക്കളുമായും ചേർന്ന് അവൾ ഗൂഢാലോചന നടത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ഈ ആസൂത്രിത കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *