Crime

സ്വന്തംസ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറവച്ച് മുതലാളി; പൊക്കി വനിതാ ജീവനക്കാര്‍ !

തിരുവനന്തപുരം ശ്രീകാര്യത്ത് സ്വന്തം പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഉടമ പിടിയിലായി. ചെക്കാലമുക്ക് സിന്ധുഭവനിൽ താമസിക്കുന്ന രാഹുൽ പി. അശോക് (38) എന്നയാളെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.

തന്റെ വീടിന്റെ താഴത്തെ നിലയിൽ നടത്തുന്ന പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലാണ് രാഹുൽ ക്യാമറ ഒളിപ്പിച്ചു വെച്ചത്. രണ്ട് വനിതാ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. 2026 മാർച്ച് 13-നാണ് ശുചിമുറിയിൽ ക്യാമറ ഇരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ശുചിമുറിയിൽ കയറിയ ഒരു ജീവനക്കാരി അവിടുത്തെ വേസ്റ്റ് ബിന്നിൽ എന്തോ ഒരു സാധനം ഇരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് പവർ ബാങ്കുമായി ഘടിപ്പിച്ച ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് ഈ പെൺകുട്ടി സഹപ്രവർത്തകയോട് വിവരം പറയുകയും ഇരുവരും ചേർന്ന് ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസിൽ വിവരമറിയിച്ചതറിഞ്ഞ രാഹുൽ ഒളിവിൽ പോവുകയും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു.

എന്നാൽ കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ തുടർന്ന ഇയാളെ ശ്രീകാര്യം പൊലീസ് ഒടുവിൽ ഒളിത്താവളത്തിൽ ചെന്ന് പിടികൂടുകയായിരുന്നു. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഒളിക്യാമറയോ പവർബാങ്കോ മെമ്മറി കാർഡോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇവ കണ്ടെത്താനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.