പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കി കേരള പൊലീസ്. കൊല്‍ക്കത്തയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രത്നമ്മ എന്ന നഴ്സിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. താൻ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കുറുപ്പ് എത്തിയിരുന്നു എന്നാണ് അവർ വെളിപ്പെടുത്തിയത്. പഴയതും കെട്ടിക്കിടക്കുന്നതുമായ കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഈ കേസ് വീണ്ടും അന്വേഷിക്കുന്നത്.
എണ്‍പതുകളില്‍ കൊല്‍ക്കത്തയില്‍ വച്ചു സുകുമാരക്കുറുപ്പിനെ കണ്ടു എന്നവകാശപ്പെട്ട് ഇവര്‍ പോലീസിന് കത്തയച്ചിരുന്നു. ആശുപത്രിയില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയ രത്നമ്മയോട് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആശുപത്രിയില്‍ വച്ച് കണ്ടപ്പോള്‍ സുകുമാരക്കുറുപ്പ് ആണോ എന്നു ചോദിച്ചപ്പോള്‍ ‘ആ’ എന്നു മാത്രമാണ് മറുപടി നല്‍കിയത്. പിന്നീട് തിരിച്ചു വന്നു നോക്കുമ്പോഴേക്കും ആള്‍ രക്ഷപ്പെട്ടിരുന്നു എന്നാണ് അവര്‍ പറഞ്ഞത്.
കഴിഞ്ഞ 42 വർഷമായി ആരും കാണുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ലാത്ത ഒരു മുഖമാണ് സുകുമാരക്കുറുപ്പിന്റേത്. ആകെയുള്ളത് കുറച്ചു പഴയ ഫോട്ടോകള്‍ മാത്രമാണ്. സ്വന്തം പേരിലുള്ള 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി എൻ.ജെ.ചാക്കോ എന്ന യുവാവിനെ കാറിലിട്ട് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കുറുപ്പ്. കേരള പൊലീസിന്റെ റെക്കോർഡുകളിൽ ഇയാൾ ഇപ്പോഴും ഒരു പിടികിട്ടാപ്പുള്ളിയായി തുടരുന്നു.
1984 ജനുവരി 21നാണ് മാവേലിക്കരയ്ക്കടുത്ത് വെച്ച് കുറുപ്പിന്റെ കറുത്ത അംബാസഡർ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. ആദ്യം അപകടമരണമാണെന്ന് കരുതിയെങ്കിലും, മരിച്ചത് ഫിലിം റെപ്രസന്റേറ്റീവായ ചാക്കോ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കുറുപ്പ് നാടുവിട്ടിരുന്നു.
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കുറുപ്പ് ആസൂത്രണം ചെയ്ത മരണനാടകമായിരുന്നു അത്. ഒരു രാത്രി തിയറ്ററിൽ നിന്ന് മടങ്ങുകയായിരുന്ന ചാക്കോയ്ക്ക് കുറുപ്പും സംഘവും കാറിൽ ലിഫ്റ്റ് നൽകുകയായിരുന്നു. എന്നാൽ ആ യാത്ര തന്റെ മരണത്തിലേക്കാണെന്ന് ചാക്കോ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഭാര്യാസഹോദരീ ഭർത്താവ് ഭാസ്കരപിള്ള, ഡ്രൈവർ പൊന്നപ്പൻ, ഗൾഫിലെ സുഹൃത്ത് ഷാഹു എന്നിവരായിരുന്നു ഈ ക്രൂരതയിൽ കുറുപ്പിനൊപ്പമുണ്ടായിരുന്നത്. ആലപ്പുഴയിലെ വലിയ വീടിന്റെ പണി പൂർത്തിയാക്കാൻ പണം കണ്ടെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. കുറുപ്പിന് പകരം മരിക്കാൻ പറ്റിയ ഒരാളെ അവർ പലയിടത്തും തിരഞ്ഞെങ്കിലും ഒടുവിൽ ചാക്കോയാണ് ഇവരുടെ കെണിയിൽ പെട്ടത്.
ഒരു ഹോട്ടലിൽ വെച്ചാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്. വഴിയിൽ ബസ് കാത്തുനിന്ന ചാക്കോയ്ക്ക് കാറിൽ ലിഫ്റ്റ് നൽകിയ ശേഷം നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കുറുപ്പിന്റെ ഭാര്യവീട്ടിലെത്തിച്ച് മൃതദേഹത്തിൽ കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. ശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിലിരുത്തി വയലിലേക്ക് തള്ളിയിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടെ പ്രതികൾക്കും പൊള്ളലേറ്റു.
കാറിന് തനിയെ തീപിടിച്ചതല്ലെന്ന് പൊലീസിന് പെട്ടെന്ന് തന്നെ മനസ്സിലായി. കുറുപ്പിനെ ആരോ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് ഭാസ്കരപിള്ള തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ചോദ്യം ചെയ്യലിനിടെ ഭാസ്കരപിള്ളയുടെ കൈകളിലെ പൊള്ളലേറ്റ പാടുകൾ കണ്ടതോടെ പൊലീസിന് സംശയമായി. ആദ്യം പരസ്പരവിരുദ്ധമായി സംസാരിച്ചെങ്കിലും പിന്നീട് പിള്ള കുറ്റം സമ്മതിച്ചു.
ഈ സമയത്ത് ആലുവയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന കുറുപ്പ്, പിള്ള പിടിയിലായ വിവരമറിഞ്ഞ് അവിടെനിന്ന് രക്ഷപ്പെട്ടു. നാല് പതിറ്റാണ്ടിലേറെയായി കുറുപ്പിനെ കണ്ടെത്താൻ കേരള പൊലീസ് ഇന്ത്യയൊട്ടാകെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആ കേസാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.




