Featured Lifestyle

12 വര്‍ഷമായി അബോധാവസ്ഥയില്‍; മകനു ദയാവധം തേടി മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അപകടത്തില്‍ പരുക്കേറ്റ്‌ 12 വര്‍ഷമായി അബോധാവസ്‌ഥയില്‍ തുടരുന്ന മകന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റി, മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍. ഹരീഷ്‌ റാണ(31)യെന്ന യുവാവിന്റെ പിതാവ്‌ അശോക്‌ റാണയാണ്‌ നിഷ്‌ക്രിയ ദയാവധം (പാസീവ്‌ യുത്തനേസ്യ) ആവശ്യപ്പെട്ട്‌ പരമോന്നതകോടതിയെ സമീപിച്ചത്‌. യുവാവിന്റെ അവസ്‌ഥ ദുഃഖകരമാണെന്നും എക്കാലത്തും ഇങ്ങനെ നിലനിര്‍ത്താനാവില്ലെന്നും മെഡിക്കല്‍ ബോര്‍ഡ്‌ റിപ്പോര്‍ട്ട്‌ വായിച്ച്‌ ജസ്‌റ്റിസുമാരായ ജെ.ബി. പാര്‍ദിവാലയും കെ.വി. വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ച്‌ നിരീക്ഷിച്ചു.

രോഗിയുടെ അവസ്‌ഥയെപ്പറ്റി രണ്ട്‌ മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ട്‌ സുപ്രീം കോടതി പഠിച്ചശേഷമേ ഇന്ത്യയില്‍ നിഷ്‌ക്രിയ ദയാവധം (ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കുക) അനുവദിക്കാനാകൂ. ഹരീഷ്‌ റാണയുടെ മാതാപിതാക്കളുമായും മെഡിക്കല്‍ റിപ്പോര്‍ട്ട്‌ പഠിച്ച അഭിഭാഷകരുമായും അടുത്തമാസം സംസാരിച്ചശേഷം അന്തിമതീരുമാനമെടുക്കുമെന്നു കോടതി വ്യക്‌തമാക്കി.

പഞ്ചാബ്‌ സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന ഹരീഷ്‌. 2013-ലാണ്‌ നാലാംനിലയിലെ താമസസ്‌ഥലത്തുനിന്ന്‌ വീണ്‌ ഗുരുതരപരുക്കേറ്റത്‌. അന്നുമുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണയോടെ ശയ്യാവലംബിയാണ്‌. ഈ അവസ്‌ഥയില്‍നിന്നു ഹരീഷ്‌ ജീവിതത്തിലേക്കു മടങ്ങിവരാനുള്ള സാധ്യത കുറവാണെന്നാണ്‌ പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ്‌ റിപ്പോര്‍ട്ട്‌. ശ്വാസോച്‌ഛ്വാസവും ഭക്ഷണവും കുഴലുകളിലൂടെയാണ്‌. ദേഹമാകെ ശയ്യാവ്രണങ്ങള്‍ ബാധിച്ചതിന്റെ ഫോട്ടോഗ്രാഫുകളും റിപ്പോര്‍ട്ടിനൊപ്പമുണ്ട്‌. ആദ്യ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം, രണ്ടാമത്തെ മെഡിക്കല്‍ ബോര്‍ഡ്‌ രൂപീകരിക്കാന്‍ കോടതി ഡല്‍ഹി എയിംസിനോട്‌ നിര്‍ദേശിച്ചു. ഇതും വായിച്ചശേഷമാണ്‌, അന്തിമതീരുമാനമെടുക്കേണ്ട ഘട്ടമെത്തിയിരിക്കുന്നുവെന്ന്‌ കോടതി നിരീക്ഷിച്ചത്‌.