സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി കുട്ടികളുടെ ജീവൻ പണയപ്പെടുത്തി വീഡിയോകൾ ചിത്രീകരിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുകയാണ്. ഇത്തരത്തിൽ ഒരു കൊച്ചു പെൺകുട്ടിയെക്കൊണ്ട് വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടിച്ച ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ഒരു കെട്ടിടത്തിന് താഴെ മെത്ത വിരിച്ച ശേഷം മുകളിൽ നിൽക്കുന്ന കുട്ടിയെ താഴേക്ക് ചാടാൻ ഒരാൾ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം. കുട്ടി ആദ്യം മടിച്ചെങ്കിലും പിന്നീട് താഴേക്ക് ചാടുകയും ആ മനുഷ്യൻ കുട്ടിയെ പിടിക്കുകയും ചെയ്തു. ആർക്കും പരിക്കേറ്റില്ലെങ്കിലും, ഒരു ചെറിയ പിഴവ് പോലും വലിയ അപകടത്തിന് കാരണമായേക്കാവുന്ന ഈ പ്രവർത്തിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മംമ്ത സുലാനിയ എന്ന എക്സ് (X) അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചത്.
കുട്ടികളെക്കൊണ്ട് ഇത്തരം അപകടകരമായ കാര്യങ്ങൾ ചെയ്യിപ്പിക്കുന്നത് തികഞ്ഞ നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. ലൈക്കുകൾക്കും ഫോളോവേഴ്സിനും വേണ്ടി ചെയ്യുന്ന ഇത്തരം പ്രവണതകൾ അപകടകരമായ ഒരു സംസ്കാരമാണ് വളർത്തുന്നതെന്നും, ഇത്തരം വീഡിയോകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നും പലരും ആവശ്യപ്പെടുന്നു. മുതിർന്നവർ കൂടെയില്ലാത്ത സമയത്ത് കുട്ടികൾ ഇത്തരം സാഹസങ്ങൾ അനുകരിക്കാൻ ഇടയാകുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും ആളുകൾ മുന്നറിയിപ്പ് നൽകുന്നു. ലൈക്കുകൾക്ക് വേണ്ടി സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് പന്താടരുതെന്ന ഓർമ്മപ്പെടുത്തലോടെയാണ് ഈ വീഡിയോ വൈറലാകുന്നത്.




