Featured Oddly News

രണ്ട് പേരെ ഒരേ പന്തലിൽ മിന്നുകെട്ടി തായ് സുന്ദരി! സ്ത്രീധനം 29 ലക്ഷം വീതം, സാക്ഷിയായി മൂന്ന് പെൺമക്കളും രണ്ട് കൊച്ചുമക്കളും

ഒരേ വിവാഹവേദിയിൽ രണ്ട് പുരുഷന്മാരെ വിവാഹം കഴിച്ച് ആഗോളതലത്തിൽ വലിയ കൗതുകത്തിന് കാരണമായിരിക്കുകയാണ് തായ്‌ലൻഡിൽ നിന്നുള്ള ഒരു സ്ത്രീ . ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നതെങ്കിലും, ബന്ധങ്ങളിലെ സുതാര്യതയും പങ്കാളികളുടെ സമ്മതവും കൊണ്ട് ഈ വാർത്ത ശ്രദ്ധ നേടുന്നു.

37 വയസ്സുകാരിയായ ദുവുങ്ദുവാൻ കെറ്റ്‌സാരോ എന്ന തായ് യുവതിയാണ് രണ്ട് ഓസ്ട്രിയൻ സ്വദേശികളെ വിവാഹം കഴിച്ചത്. രഹസ്യങ്ങൾക്കോ വിവാദങ്ങൾക്കോ വഴിമാറാതെ, മൂവരും തമ്മിലുള്ള തുറന്ന ചർച്ചകളിലൂടെയാണ് ഈ ബന്ധം വളർന്നതെന്ന് ദുവുങ്ദുവാൻ പറയുന്നു. ഓസ്ട്രിയയിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ റോമനെ പട്ടായയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവർ ആദ്യം പരിചയപ്പെടുന്നത്. അഞ്ചുവർഷത്തോളം ഇവർ ഒരുമിച്ച് ജീവിച്ചു. പിന്നീട് മറ്റൊരു ഓസ്ട്രിയൻ പോലീസ് ഉദ്യോഗസ്ഥനായ മാക്കിയെ പരിചയപ്പെട്ടു. ആദ്യഘട്ടത്തിൽ ഇവർ തമ്മിൽ പ്രണയത്തിലായെങ്കിലും പിന്നീട് മൂവരും ചേർന്ന് സംസാരിക്കുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

ഈ അസാധാരണ വിവാഹത്തിന് മുന്നോടിയായി ദുവുങ്ദുവാൻ തന്റെ മാതാപിതാക്കളോടും മക്കളോടും സംസാരിച്ച് അവരുടെ അനുവാദം വാങ്ങിയിരുന്നു. ആദ്യ വിവാഹത്തിൽ ഇവർക്ക് മൂന്ന് പെൺമക്കളും രണ്ട് കൊച്ചുമക്കളുമുണ്ട്. ഗായികയാകാൻ ആഗ്രഹിച്ചെങ്കിലും കരിയറിൽ പരാജയപ്പെട്ടതോടെ കുടുംബം പുലർത്താൻ ബുദ്ധിമുട്ടിയ ദുവുങ്ദുവാനെ റോമനും മാക്കിയും ഒരുപോലെ സഹായിച്ചിരുന്നു. കുടുംബത്തോടുള്ള ഇവരുടെ കരുതൽ കണ്ടതോടെ ബന്ധുക്കളും ഈ വിവാഹത്തെ അനുകൂലിച്ചു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ തായ്‌ലൻഡിലെ പരമ്പരാഗത ആചാരങ്ങൾ പാലിക്കപ്പെട്ടിരുന്നു. ഏകദേശം 29 ലക്ഷം രൂപയ്ക്ക് തുല്യമായ തുക (ഒരു മില്യൺ തായ് ഭട്ട് വീതം) ഓരോ വരന്മാരും വധുവിന് സ്ത്രീധനമായി നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.