കെന്‍ഞ്ജര്‍: ബന്‍സ്പാല്‍ ബ്ലോക്കിലെ അന്‍ജര്‍ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കഴിഞ്ഞത് 17 മണിക്കൂറിലധികം. വെള്ളിയാഴ്ച രാവിലെ ജനല്‍ കമ്പിയില്‍ തല കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. അംബദാഹര ഗ്രാമത്തിലെ ഏഴ് വയസ്സുകാരിയായ ജ്യോത്സ്‌ന ദേഹുരി എന്ന വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവം. കുട്ടിയെ കെന്‍ഞ്ജര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജില്ലാ ഭരണകൂടം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗൗരഹരി മഹന്തയെ സസ്‌പെന്‍ഡ് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് സ്‌കൂള്‍ വിട്ടപ്പോള്‍ ജ്യോത്സ്‌ന ക്ലാസ് മുറിയില്‍ ഉറങ്ങിപ്പോയിരുന്നു. അധ്യാപകര്‍ ശരിയായി പരിശോധിക്കാതെ ക്ലാസ് മുറി പൂട്ടി പോവുകയായിരുന്നു. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ആശങ്കയിലായ കുടുംബം അവളെ തിരയാന്‍ തുടങ്ങി. സ്‌കൂളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉറക്കമുണര്‍ന്ന ജ്യോത്സ്‌ന താന്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍, അവള്‍ ജനലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ചു, പക്ഷേ തല ഇരുമ്പ് കമ്പികളില്‍ കുടുങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ അധ്യാപകര്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ കുടുങ്ങിയ നിലയി ല്‍ കണ്ട് ഞെട്ടി. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് ചികിത്സയ്ക്കായി ജില്ലാ ആശുപത്രി യിലേക്ക് കൊണ്ടുപോയി. സംഭവം അറിഞ്ഞ് കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടി അധികാരികളില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. പിന്നീട് പോലീസും ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവളുടെ ആരോഗ്യനില തൃപ്തികരമാണ്.




